കണ്ണന്താനത്തിന്റെ പരിധിവിട്ട ആ ‘തള്ളൽ’ പ്രതിരോധത്തിലാക്കുന്നത് കുമ്മനത്തെ . .

രിക്കും തലസ്ഥാനം എറണാകുളമാണെന്നും അവിടെ ബുദ്ധിയും കഴിവുമുള്ള ധാരാളം ആളുകളുണ്ടെന്നുമുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തള്ളല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുന്നു.

ബി.ജെ.പിയുടെ എറണാകുളം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് തലസ്ഥാനം തിരുവനന്തപുരമാണെങ്കിലും ശരിക്കും തലസ്ഥാനം എറണാകുളമാണെന്ന പ്രസ്താവനയുമായി കണ്ണന്താനം രംഗത്തെത്തിയത്.

തിരുവനന്തപുരത്തുകാരെ അപമാനിക്കുന്ന പ്രസ്താവനയാണ് കണ്ണന്താനം നടത്തിയതെന്ന പരാതിയുമായി ശശി തരൂര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണ ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ വിജയ പ്രതീക്ഷയോടെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് കുമ്മനം രാജശേഖരനെ മത്സരരംഗത്തിറക്കിയത്. ശശി തരൂരിനെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരനെയും അപേക്ഷിച്ച് അരോപണങ്ങളില്ലാത്ത രാഷ്ട്രീയക്കാരനെന്ന പ്രതിഛായയാണ് കുമ്മനത്തിന്റെ കൈമുതല്‍.

ഇതിനിടെയാണ് തിരുവനന്തപുരത്തുകാരെ അപമാനിച്ചുകൊണ്ടുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പൊങ്കാലക്ക് ഇടയാക്കിയത്. ശശി തരൂരും കോണ്‍ഗ്രസും ഇതേറ്റു പിടിച്ചതോടെ ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രതിരോധത്തിലായിട്ടുണ്ട്.

കേന്ദ്ര മന്ത്രി സ്ഥാനം ലഭിച്ചതുമുതല്‍ തള്ളലുകളുടെ പരമ്പരയാണ് കണ്ണന്താനം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ തള്ളല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രളയത്തില്‍ നാടാകെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങുന്നത് പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു കണ്ണന്താനം വിവാദ നായകനായിരുന്നു.

ഇതിനു ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി പകര്‍ത്തിയെന്നും വിവാദമുയര്‍ന്നു. ഏറ്റവും ഒടുവില്‍ ബി.ജെ.പി കണ്ണന്താനത്തെ കൊല്ലം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചപ്പോള്‍ ഇതിനേക്കാള്‍ നല്ലത് മലപ്പുറത്ത് മത്സരിക്കുകയാണെന്ന കണ്ണന്താനത്തിന്റെ പ്രതികരണവും വിവാദത്തിനിടയാക്കിയിരുന്നു.

sasi-tharoor

രാജ്യസഭയില്‍ മൂന്നു വര്‍ഷം കാലാവധി ബാക്കിനില്‍ക്കെ കണ്ണന്താനം മത്സരിക്കുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ മോദിയുടെ വിശ്വസ്ഥനായതിനാല്‍ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന ഘടകം.

സിവില്‍ സര്‍വീസില്‍ കഴിവുതെളിയിച്ച ഉദ്യോഗസ്ഥനാണ് കണ്ണന്താനം. ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി കമ്മീഷണറായിരിക്കെ അനധികൃത വന്‍കിട കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയാണ് കണ്ണന്താനം വാര്‍ത്തകളില്‍ നിറഞ്ഞത്.

മുന്‍പ് കണ്ണന്താനത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളില്‍ ഒരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. സിവില്‍ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ എട്ടു വര്‍ഷം ബാക്കിനില്‍ക്കെ 2006ല്‍ രാജിവെച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. കാഞ്ഞിരപ്പള്ളിയില്‍ ഇടതുപക്ഷ എം.എല്‍.എയായി വിജയിച്ചു. പിന്നീട് ബി.ജെ.പിയിലേക്കു ചേക്കേറി. ബി.ജെ.പി ദേശീയനിര്‍വാഹക സമിതി അംഗമായി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറ്റി മോദിയുടെ വിശ്വസ്ഥനായി. തുടര്‍ന്നാണ് രാജ്യസഭാ അംഗമാക്കി കേന്ദ്ര ടൂറിസം മന്ത്രിയാക്കിയത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തലക്കുമുകളിലൂടെ എം.പിയും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം പക്ഷേ വിടുവായത്തം പറഞ്ഞാണ് ഇപ്പോള്‍ ബി.ജെ.പിക്ക് നാണക്കേടാവുന്നത്.

Top