കണ്ണന്‍ താമരക്കുളത്തിന്റെ ‘വിധി’യുടെ ട്രെയിലർ പുറത്തിറങ്ങി

ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിധി’യുടെ ട്രെയിലർ പുറത്തുവിട്ടു. ഒരു ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയും അതിനെതിരെ നടത്തുന്ന പോരാട്ടങ്ങളുമാണ് ട്രെയിലറിലുള്ളത്. സൂര്യ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.

കൊച്ചി മരടില്‍ കോടതി ഉത്തരവിനെതുടര്‍ന്ന് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മരട് 357 എന്ന് പേരിട്ടിരുന്ന ചിത്രം വിവാദങ്ങല്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് പേര് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള കോടതി ഉത്തരവിന് ശേഷം വിധിയെന്ന് മാറ്റുകയായരുന്നു.

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുസ്, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തതാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതിന്. കണ്ണന്‍ താമരകുളത്തിന്റെ ആദ്യ ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളി വരെ മുതല്‍ അവസാന ചിത്രമായ പട്ടാഭിരാമന് വരെ തിരക്കഥ എഴുതിയത് ദിനേശാണ്. രവിചന്ദ്രന്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം ഒരുക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്.

 

 

Top