വയല്‍ നികത്തല്‍ നിയമലംഘനമെങ്കില്‍ കൊടി നാട്ടാനും അവകാശമുണ്ട് ; മുഖ്യമന്ത്രിയെ തള്ളി കാനം

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വയല്‍ നികത്തല്‍ നിയമലംഘനമെങ്കില്‍ കൊടി നാട്ടാനും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊടി നാട്ടിയതുകൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നില്ല, ആത്മഹത്യയ്ക്ക് കാരണം എഐവൈഎഫ് എങ്കില്‍ കേസെടുക്കാമെന്നും കാനം അറിയിച്ചു.

കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരില്ലെന്നും തുറന്നടിച്ചു. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എഐവൈഎഫും രംഗത്ത് വന്നിരുന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിനും വയല്‍ നികത്തലുകള്‍ക്കും എതിരെ നടക്കുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉപയോഗപ്പെടുക എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.

സമരമുഖത്ത് കൊടികുത്തുന്നതാണ് ഏറ്റവും വലിയ അപരാധം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തില്‍ സമരം ചെയ്ത സംഘടനയാണ് പ്രതികളെന്ന് വരുത്തി തീര്‍ത്ത് പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ,റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും മഹേഷ് അറിയിച്ചു.

ഇനി നിയമവിരുദ്ധമായി ഭൂമി കയ്യേറുന്നത് ശ്രദ്ധയില്‍പ്പെട്ടാന്‍ സമരം നടത്താന്‍ പോകേണ്ട. പോയാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരായിരിക്കും പ്രതികള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നത് എന്നും മഹേഷ് കക്കത്ത് ആരോപിച്ചു.

Top