മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു

ദാദ്ര ഹവേലി: മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയാണ് രാജി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്തത്‌. എന്നാല്‍ ഇപ്പോള്‍ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.

2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയാണ് വാര്‍ത്തകളിലിടം നേടിയത്. ദാദ്ര നഗര്‍ ഹവേലിയില്‍ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് കണ്ണന്‍ ഗോപിനാഥന്‍ അവധിയെടുത്ത് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയത്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ അരി ചുമന്നു കയറ്റുകയായിരുന്ന കണ്ണനെ യാദൃശ്ചികമായി അവിടെ എത്തിയ അന്നത്തെ ആലപ്പുഴ ജില്ലാ കളക്ടറാണ് ആദ്യം തിരിച്ചറിഞ്ഞത്.

ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.വൈകാതെ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും അദ്ദേഹം മലയാളികള്‍ക്കിടയില്‍ പ്രശസ്തനായി.

Top