ബാംഗ്ലൂരില്‍ സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ ; പത്രാധിപര്‍ അറസ്റ്റിൽ

ബെംഗളൂരു : ബാംഗ്ലൂരില്‍ ഒപ്പം ജോലി ചെയ്തിരുന്ന പഴയ സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പത്രാധിപരെ പൊലീസ് അറസ്റ്റ് ചെയ്തു.

‘ഹായ്‌ ബാംഗ്‌ളൂര്‍’ ടാബ്ലോയിഡിന്റെ എഡിറ്ററായ രവി ബെലഗാരെയാണ് അറസ്റ്റിലായത്.

സുനില്‍ ഹെഗറവല്ലി എന്നയാളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയ്ക്ക് ക്വട്ടേഷന്‍ നൽകിയതിനാണ് വെള്ളിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സുനില്‍ ഹെഗറവല്ലിയെ കൊല്ലുന്നതിനായി ശശിധര്‍ മുണ്ടേവാഡി എന്ന വാടക്കകൊലയാളിയ്ക്കാണ് രവി ക്വട്ടേഷന്‍ നൽകിയത്.

കൃത്യം നടന്നാല്‍ പ്രതിഫലമായി എത്ര തുക വേണമെങ്കിലും നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.

തുടർന്ന് കൊലനടത്തുന്നതിനായി ഒരു തോക്കും ഇയാൾ കൊലയാളിക്ക് നൽകി. എന്നാല്‍, ആദ്യശ്രമം പരാജയപ്പെടുകയും തോക്ക് ഇയാള്‍ രവിക്ക് തിരികെ നല്‍കുകയും ചെയ്തു.

പക്ഷേ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും സുനില്‍ ഹെഗറവല്ലിയെ ആപായപ്പെടുത്താൻ ശ്രമിക്കാമെന്നും കൊലയാളി ഉറപ്പ് നൽകിയിരുന്നതായും , വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകശ്രമത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

തന്റെ രണ്ടാം ഭാര്യയുമായി സുനില്‍ അടുത്തിടപഴകുന്നതാണ് രവിയെ പ്രകോപനത്തിലേക്ക് നയിച്ചത്. ശശിധര്‍ മുണ്ടേവാഡിയുടെ പേരില്‍ 2006 മുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ട്‌.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ക്രൈബ്രാഞ്ച് യാദൃശ്ചികമായി ഈ കേസിലെത്തുന്നത്.

ആയുധ ഇടപാടുകള്‍ നടത്തുന്ന താഹിര്‍ ഹുസൈന്‍ എന്നയാള്‍ ഇതുസംബന്ധിച്ച സൂചനകള്‍ അന്വേഷണസംഘത്തിന് നല്‍കുകയായിരുന്നു.

രവി ബെലഗാരെയുടെ ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് ബുള്ളറ്റുകളോട് കൂടിയ രണ്ട് തോക്കുകളും മാന്‍തോലും ആമത്തോലും കണ്ടെത്തി.

Top