ലഹരിറാക്കറ്റ് കേസ്; അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിലേക്കും നീളുന്നു

ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരിമരുന്നു റാക്കറ്റ്‌കേസിന്റെ അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് നീളുന്നു. ബെംഗളൂരുവില്‍ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ചൂതാട്ടകേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ബെംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയും തമ്മില്‍ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗി ആരോപിച്ചിരുന്നു. അതേസമയം,ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി.

ഈ മാസം 4ന് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, കൊച്ചി കലൂര്‍ സ്വദേശി നിയാസ് മുഹമ്മദ്, സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ, പ്രശാന്ത് രങ്ക, രാഹുല്‍ ഷെട്ടി എന്നിവരെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇവരെ പാരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. നടുവേദനയ്ക്കു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന രാഗിണിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും ജയിലില്‍ പ്രത്യേക സെല്‍ നല്‍കിയേക്കും. നടിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്‍ട്ടി സംഘാടകനായ വിരേന്‍ ഖന്നയുടേയും പൊലീസ് കസ്റ്റഡി 16 വരെ നീട്ടി.
എന്നാല്‍ സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ മലയാളികള്‍ അനൂപ് മുഹമ്മദിന്റെയും റിജേഷ് രവീന്ദ്രന്റെയും ജാമ്യഹര്‍ജി 18ന് പരിഗണിക്കാനായി ബെംഗളൂരു സെഷന്‍സ് കോടതി മാറ്റി. ഈ കേസിലെ പണമിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തേക്കും.

Top