പുനീത് രാജ് കുമാറിന്റെ മരണം; മെഡിക്കൽ പരിശോധനക്ക് താരപ്പട !

ന്നട സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരം മാത്രമായിരുന്നില്ല പുനീത് രാജ് കുമാര്‍ നല്ലൊരു മനുഷ്യ സ്‌നേഹികൂടിയായ കലാകാരനായിരുന്നു അദ്ദേഹം. അതു കൊണ്ടാണ് കന്നട മണ്ണിപ്പോള്‍ കണ്ണീര്‍ക്കടലായി മാറിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെറുപ്പക്കാരനായ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ മരണപ്പെട്ട വാര്‍ത്ത ഇന്ത്യന്‍ സിനിമാലോകത്തെ ആകെയാണ് ഞെട്ടിച്ചിരിക്കുന്നത്. മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും ഒന്നും ഉണ്ടായിട്ട് ഒരു കാര്യവുമില്ലന്ന മുന്നറിയിപ്പ് കൂടിയാണിത്.

അത്യാധുനിക സൗകര്യങ്ങളും പേഴ്‌സണല്‍ ഡോക്ടറും ഒക്കെയുള്ള പുനീതിന് ഇതാണ് അവസ്ഥയെങ്കില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സകലരും പേടിക്കുക തന്നെ വേണം. ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം പുനീതിന്റെ മരണകാരണം വ്യക്തമായതോടെ വി.വി.ഐ.പികള്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് മെഡിക്കല്‍ ചെക്കപ്പിന് വിധേയമായിരിക്കുന്നത്. ഇതില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടും. എല്ലാവരും ഭയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍ കഴിയുന്നത്.

ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തീവ്രമായ സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വരികയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നതും താരങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അമിതമായ മാനസിക പിരിമുറുക്കം ഇന്ന് ഒട്ടുമുക്കാല്‍ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥ തന്നെയാണ്. ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി സമൂഹമാധ്യമത്തില്‍ ഡോ. അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പും ഇതിനകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. നാം എല്ലാവരും അറിയേണ്ട കാര്യങ്ങളാണിത്.

ഡോ. അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇതൊക്കെയാണ് ….

അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മര്‍ദ്ദം ഇന്ന് ഒട്ടുമുക്കാല്‍ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്ന അവസ്ഥയാണുള്ളത്. ഈ ദീര്‍ഘകാല സമ്മര്‍ദ്ദം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദൈന്യദിനജീവിതത്തില്‍ സമ്മര്‍ദ്ദം മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ചിട്ടുണ്ട്.

ഹൃദ്രോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് പ്രമേഹം മൈഗ്രൈന്‍, കുറഞ്ഞ പ്രതിരോധശേഷി, വൈജ്ഞാനിക വൈകല്യം,പെരുമാറ്റ വൈകല്യങ്ങള്‍, അമിതഭാരം എന്നിവ ഇതില്‍ ചില ഉദാഹരണങ്ങളാണ്. സമ്മര്‍ദ്ദത്തിന്റെ സ്രോതസ്സ് അതല്ലെങ്കില്‍ ഉത്ഭവം എന്ന് പറയുന്നതു രണ്ടു വിധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആന്തരിക സമ്മര്‍ദ്ദവും ബാഹ്യസമ്മര്‍ദ്ദവും ആണത്.

ചില സമ്മര്‍ദ്ദം ആന്തരികമാണ്. അതായത് സമ്മര്‍ദ്ദം ഉളവാക്കുന്ന ചിന്തകള്‍ അല്ലെങ്കില്‍ പെരുമാറ്റങ്ങള്‍. ഈ ചിന്തകള്‍ ഒരാളുടെ മാനസിക മനോഭാവത്തില്‍ നിന്നോ യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകളില്‍ നിന്നോ വരുന്നതാണ്. എല്ലാം തികഞ്ഞവനായിരിക്കാന്‍ സ്വയം സമ്മര്‍ദ്ദം ചെലുത്തുകയോ സാമൂഹ്യവിലയിരുത്തലുകളെ ഭയപ്പെടുകയോ ചെയ്യുന്നതും ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഗുരുതരമായ കേസുകളില്‍ ആന്തരിക സമ്മര്‍ദ്ദങ്ങള്‍ വിഷാദം ഉത്കണ്ഠ എന്നിവയുടെ വികാരങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

അതേസമയം ബാഹ്യ സമ്മര്‍ദ്ദം പരിസ്ഥിതിയില്‍ നിന്ന് വരുന്നതാണ്. ശബ്ദം തിരക്ക് മലിനീകരണം തുടങ്ങി. വ്യക്തിബന്ധങ്ങളിലെ വിള്ളലുകള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ജീവിതത്തിലെ പ്രധാന മാറ്റങ്ങള്‍ ജോലിയില്‍ നിന്നും അതല്ലങ്കില്‍ കുടുംബത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ മറ്റു ദൈനംദിന ബുദ്ധിമുട്ടുകള്‍ എന്നിവയും ഡോക്ടറുടെ കാഴ്ചപ്പാടില്‍ പ്രധാനമായും ബാഹ്യസമ്മര്‍ദസ്രോതസ്സുകളുടെ പട്ടികയില്‍ പെടുന്നതാണ്. അമിതമായ കഠിനാധ്വാനം ചെയ്യുകയോ അവരവരുടെ സമയം നന്നായി കൈകാര്യം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് പോലും ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

ആന്തരികവും ബാഹ്യവുമായ സമ്മര്‍ദ്ദങ്ങള്‍ ശാരീരികവും മാനസികവുമായ ദുഷ്ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകാം വിശപ്പും നഷ്ടപ്പെടാം അതല്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം തന്നെ നഷ്ടപ്പെട്ടേക്കാം . കാലക്രമേണ വിട്ടുമാറാത്ത സമ്മര്‍ദ്ദം കൂടുതല്‍ ദോഷകരമായി തീരുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ഒരവസ്ഥ ഹൃദയാഘാതത്തിനും വലിയ സാധ്യതയാണ് സൃഷ്ടിക്കുക. വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ പ്രത്യുത്പാദന ദഹനവ്യവസ്ഥയെയും അസ്വസ്ഥമാക്കുമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ തന്നെ രക്ത സമ്മര്‍ദ്ദത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തേണ്ടത് അതി പ്രധാനമാണ്. അത് നിയന്ത്രിക്കുന്നതിലൂടെ കൂടുതല്‍ ആരോഗ്യകരവും ശാന്തവുമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ആളുകള്‍ക്ക് കഴിയും.

വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിക്കുന്നതും സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായകരമാണ്. ഒരു വ്യക്തിക്ക് അവരുടെ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സ്വന്തം കഴിവ് മതിയാകുന്നില്ല എന്നു മനസ്സിലാക്കുമ്പോള്‍ സമ്മര്‍ദ്ദം അനുഭവപ്പെടും. മാത്രമല്ല ആവശ്യമുള്ള അംഗീകാരം ലഭിച്ചില്ലെങ്കില്‍ അതും അനാവശ്യ സമ്മര്‍ദ്ദം നല്‍കുന്ന ഘടകമാണ്. പ്രധാനമായ സമ്മര്‍ദ്ദ സൂചനകള്‍ ഏതൊക്കെയാണെന്നും ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്.

1. വൈകാരികമായ പൊട്ടിത്തെറികള്‍ 2. വിശപ്പ് നഷ്ടപ്പെടല്‍ 3. ഏകാഗ്രത കുറയല്‍4. തൊഴില്‍ പ്രകടനത്തിലെ വീഴ്ച 5. മദ്യം മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം എന്നിവയാണ്.

ശാരീരിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നത് ഇവയാണ്.

ക്ഷീണം, പേശി പിരിമുറുക്കം, തലവേദന, ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ മലബന്ധം പോലുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകള്‍, കണ്ണിനു ചുറ്റും കറുപ്പ് മുഖക്കുരു അലര്‍ജി തുടങ്ങിയ ചര്‍മ മാറ്റങ്ങള്‍ എന്നിവയാണത്. മാനസിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതിന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ ലക്ഷണം വിഷാദമാണ്.

ഉത്കണ്ഠ, നിരുത്സാഹം, ക്ഷോഭം, ശുഭാപ്തിവിശ്വാസമില്ലായ്മ, അമിതമായ ബലഹീനത അനുഭവപ്പെടുക, ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവ് കുറയുന്നത് പോലുള്ള വൈജ്ഞാനിക ബുദ്ധിമുട്ടുകള്‍, സര്‍ഗാത്മകത കുറഞ്ഞു വരുന്നത് പ്രവര്‍ത്തന പ്രകടനത്തില്‍ കുറവ് കാണിക്കുന്നത്, പരസ്പര ബന്ധത്തിലെ പ്രശ്‌നങ്ങള്‍, മൂഡ് സ്വിങ്ങും പെട്ടെന്ന് പ്രകോപിതനാവുകയും ചെയ്യുന്നത്, നിരാശയും അക്ഷമയും, ഏതിനോടും താല്‍പ്പര്യമില്ലായ്മ, ഐസൊലേഷന്‍ എന്നിവയാണ് മാനസിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നത്.

സമ്മര്‍ദ്ദം എന്നത് ഡോക്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു ചെയിന്‍ പ്രതികരണമാണ്. ഇത് ഒരു വ്യക്തിയെ മാറാരോഗിയാക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദം നീങ്ങുന്നതോടെ മനസ്സും ശരീരവും പഴയപടി ആവുമെങ്കിലും തുടര്‍ച്ചയായ മാനസിക പിരിമുറുക്കം കൊണ്ട് ശരീരത്തിന് സംഭവിക്കുന്ന രോഗങ്ങള്‍ മാറുന്നില്ല എന്നതും വേദനാജനകമായ ഒരു വസ്തുത തന്നെയാണ്. സമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന ഉദാഹരണം
സുഖനിദ്ര മാത്രമാണ്. എന്താണ് മികച്ച ‘സ്‌ട്രെസ് റിലീവര്‍’ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഉത്തരം നല്ല ഉറക്കം എന്നു തന്നെയാണ് ഡോക്ടര്‍ അരുണ്‍ ഉമ്മനും ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top