കന്നഡ നടനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം (70) അന്തരിച്ചു. വിവിധ അസുഖങ്ങളേത്തുടര്‍ന്ന് ബെംഗളുരൂവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ബി.ജെ.പി നേതാവ് കെ. രഘു കൗടില്യ തുടങ്ങിയവര്‍ അനുശോചിച്ചു.

തിയേറ്റര്‍ പരിശീലകന്‍ എസ്. കെംപയ്യയുടെ മകനായി ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ശിവറാമിന്റെ ജനനം. നാഗതിഹള്ളി ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെതന്നെ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ബാ നല്ലേ മധുചന്ദ്രകേ ആയിരുന്നു ശിവറാമിന്റെ ആദ്യചിത്രം. 1993-ല്‍ പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ ആ വര്‍ഷത്തെ അപ്രതീക്ഷിത ഹിറ്റ് ആയിരുന്നു. അതേസമയം നടനെന്ന നിലയില്‍ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2017-ല്‍ തിയേറ്ററുകളിലെത്തിയ ടൈഗര്‍ എന്ന ചിത്രത്തിലെ ശിവറാം നായക് ആണ് പിന്നീട് കിട്ടിയ ശ്രദ്ധിക്കപ്പെട്ട വേഷം. സഹോദരിഭര്‍ത്താവായ പ്രദീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍.

കര്‍ണാടകയില്‍ നിന്ന് ആദ്യമായി യു.പി.എസ്.സി പരീക്ഷ പാസായ വ്യക്തിയാണ് ശിവറാം. 1986 ഐ.എ.എസ് പാസായ അദ്ദേഹം 2013-ലാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പാര്‍ട്ടിവിട്ട ശിവറാം ജനതാദള്‍-സെക്കുലര്‍, ബി.ജെ.പി എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഏഴുവര്‍ഷമായി ബി.ജെ.പിയോടൊപ്പമായിരുന്നു. ഇതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

Top