സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റിന് താഴെയുള്ള ടീസര്‍ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശവുമായി ബന്ധപ്പെട്ടുള്ള വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ 100 കോടി രൂപയ്ക്ക് സ്വന്തമാക്കി എന്ന വിവരമാണ് പുറത്ത് വരുന്നത്. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പത്തു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആദ്യ കാഴ്ച്ചയില്‍ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ടീസറിന് മികച്ച സ്വീകരണമാണ് ഇന്നലെ ലഭിച്ചിരുന്നത്. ടീസറിലെ ബിജിഎം സ്‌കോറിന്റെയും കളറിംഗിന്റെയും വിഎഫ്എക്‌സിന്റെയും മേന്മ എടുത്തുപറയേണ്ടതാണ്. തിയേറ്ററില്‍ സിനിമ കാണാന്‍ അക്ഷമരായി കാത്തിരിക്കുന്നുവെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. ഗായിക ദേവി ശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദിഷാ പഠാണിയാണ് നായിക. ഐമാക്‌സ് ഫോര്‍മാറ്റിലാണ് കങ്കുവ പ്രദര്‍ശനത്തിന് എത്തുക. ഈ വര്‍ഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.