കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളുടെ മരണം ; കൊലപാതകമെന്ന് തൊഴിലാളികളുടെ ആരോപണം

പാലക്കാട് : കഞ്ചിക്കോട് ഐഐടിയിലെ മൂന്ന് കരാര്‍ തൊഴിലാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം വിട്ടുകൊടുക്കാതെ ഇതര സംസ്ഥാന തൊഴിലാളികള്‍. മരിച്ച മൂന്ന് തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. ജാര്‍ഖണ്ഡ് പലാമു ജില്ലയിലെ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണ് മരിച്ചവര്‍.

കഞ്ചിക്കോട് ഐ.ഐ.ടി. ക്യാമ്പസിന് സമീപത്തെ റെയില്‍പ്പാളത്തിനടുത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിക്കുന്നില്ല. ഹരി ഓമിനെ സമീപവാസികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇന്നലെ രാത്രി പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും മൃതദേഹങ്ങള്‍ നീക്കാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. അഗ്‌നിശമന സേനാംഗങ്ങളെ തൊഴിലാളികള്‍ ആക്രമിച്ചു. ആംബുലന്‍സും തകര്‍ത്തു. ഇതിനിടയില്‍ തൊഴിലാളികള്‍ പോലീസിനെ കല്ലെറിഞ്ഞു. ആറ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Top