കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം; കിരീടത്തിനരികില്‍ പാലക്കാട്‌

കാഞ്ഞങ്ങാട്: അറുപതാമത് കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കിരീടത്തിനായി ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെ പാലക്കാടാണ് ഇപ്പോള്‍ മുന്നിലുള്ളത് എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ അടുത്ത കലോത്സവം കൊല്ലത്ത് എന്ന വാര്‍ത്തയും ഇതിനോടൊപ്പം തന്നെ പുറത്ത് വന്നിരുന്നു.വൈകിട്ട് 3.30-ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകയുളളൂ. ഇപ്പോഴും സ്വര്‍ണ്ണക്കപ്പിനായി കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ഇഞ്ചോടിഞ്ച് മത്സരം മുറുകുകയാണ്.

എന്നാല്‍ തൊട്ട് പിറകില്‍ തന്നെ കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാന്‍ കോഴിക്കോടും രണ്ടു പതിറ്റാണ്ടിന് ശേഷം കിരീടം നാട്ടിലേക്ക് കൊണ്ടു പോകാന്‍ കണ്ണൂരും കച്ചമുറുക്കിയിരിക്കുകയാണ്.

കാണികളുടെ നിറസാന്നിധ്യമായിരുന്ന നാലു ദിവസത്തെ കലയുടെ രാപ്പകലുകള്‍ അവസാനിക്കുകയാണ്. അവസാന ദിവസവും നിറഞ്ഞ സദസ്സിന്റെ മുന്നിലാണ് പ്രധാനവേദിയില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്.

സമാപന സമ്മേളനത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

Top