ഡി.എം.കെയെ പ്രതിരോധത്തിലാക്കാൻ ബി.ജെ.പിയുടെ കയ്യിലും ഉണ്ട് ആയുധം !

മിഴകം തൂത്ത് വാരിയാലും ഡി.എം.കെയെ കാത്ത് നില്‍ക്കുന്നത് വലിയ വെല്ലുവിളികള്‍.എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചെറിയ സാധ്യത ഉണ്ടായാല്‍ പോലും സൂക്ഷിച്ച് കാര്യങ്ങളില്‍ ഇടപെട്ടില്ലങ്കില്‍ ‘പണി’ പാളും.

ടു.ജി സ്‌പെക്ട്രം കേസ് ഇപ്പോഴും ഡി.എം.കെ നേതാക്കളുടെ തലക്ക് മുകളില്‍ വാളായി തന്നെ നില്‍ക്കുകയാണ്. സി.ബി.ഐ പ്രത്യേക കോടതി പ്രതികളായ എ.രാജയും കനിമൊഴി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നല്‍കിയ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ തന്നെയാണ്.

ഈ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇനിയും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്താന്‍ പറ്റും. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാരാണ് വരുന്നതെങ്കില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സാധ്യതയുണ്ടാകില്ല.

കരുണാനിധിയുടെ മകളായ കനിമൊഴിയെയും മുന്‍ കേന്ദ്രമന്ത്രിയായ എ രാജയെയും സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകമാണ് ഇതെന്നാണ് രാഷ്ട്രീയ നിരക്ഷകരും വിലയിരുത്തുന്നത്. ഇരുവര്‍ക്കും പുറമെ റിലയന്‍സ് ഉള്‍പ്പെടെയുള്ള 14 വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. തെളിവുകള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് കണ്ടെത്തിയാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നത്.

അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസായാണ് ടൈം മാഗസിന്‍ ടു ജി കേസിനെ വിശേഷിപ്പിച്ചിരുന്നത്. 122 ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ ക്രമക്കേടാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. 30,988 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കി എന്ന് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

4,400 പേജുകളുള്ള കുറ്റപത്രവും 200-ല്‍ അധികം സാക്ഷിമൊഴികളും സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് പക്ഷെ ഒന്നും തെളിയിക്കാനായിരുന്നില്ല. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തുടങ്ങിയവയായിരുന്നു മുന്‍ ടെലികോം മന്ത്രി കൂടിയായ രാജക്കും കനിമൊഴിക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും വിചാരണ നേരിടേണ്ടി വന്നിരുന്നു. ഒരു വര്‍ഷത്തോളമാണ് ഈ കേസില്‍ രാജക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നത്.

യു.പി.എ സര്‍ക്കാരിന് 2014ല്‍ അധികാരം നഷ്ടമാക്കുന്നതിന് ടുജി അഴിമതി കേസ് നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്കും പ്രധാനമായും കാരണമായതും ഈ അഴിമതി കേസായിരുന്നു.

മോദി വീണ്ടും അധികാരത്തില്‍ വന്ന് അപ്പീലില്‍ പിടിമുറുക്കിയാല്‍ ഡി.എം.കെ വെട്ടിലാകും. കനിമൊഴിയുടെ സഹോദരനും ഡി.എം.കെ തലവനുമായ സ്റ്റാലിന്‍ നിലവില്‍ ഉറച്ച പിന്തുണയാണ് കോണ്‍ഗ്രസ്സിന് നല്‍കി വരുന്നത്.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ത്തി കാട്ടിയതും സ്റ്റാലിനാണ്. മൂന്നാം ബദല്‍ നീക്കവുമായി സജീവമായ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനോട് രാഹുലിനെ വിട്ടൊരു കളിയില്ലന്ന് വ്യക്തമാക്കാനും സ്റ്റാലിന്‍ മടിച്ചിരുന്നില്ല.

യു.പി.എക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്റ്റാലിന്റെ സകല നീക്കങ്ങളും.യു.പി.എ കേന്ദ്രത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിമാരാകാന്‍ ഡി.എം.കെ ആദ്യം മുന്നാട്ട് വയ്ക്കുന്ന പേരുകള്‍ തന്നെ കനിമൊഴിയുടെയും രാജയുടെയും ആയിരിക്കും.

ടുജി സ്‌പെക്ട്രം കേസില്‍ മുന്‍പ് ജയിലിലടക്കപ്പെട്ട രണ്ട് പേര്‍ കേന്ദ്ര മന്ത്രിമാരായാല്‍ സ്വാഭാവികമായും കേന്ദ്ര ഏജന്‍സികള്‍ക്കും അപ്പീലിന്‍മേല്‍ വലിയ താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യത ഇല്ല. രാഹുല്‍ പ്രധാനമന്ത്രി ആയാല്‍ ടെലികോം വകുപ്പ് തന്നെ വേണ്ടിവന്നാല്‍ കനിമൊഴിക്കും രാജക്കും നല്‍കാനും സാധ്യത ഉണ്ട്.

സണ്‍ നെറ്റ് വര്‍ക്ക് ഉടമ കൂടിയായ ദയാനിധി മാരനാണ് കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി പദം ആഗ്രഹിക്കുന്ന മറ്റൊരു ഡി.എം.കെ നേതാവ്. തമിഴകത്ത് നിന്നും ഭൂരിപക്ഷം സീറ്റുകളും ഡി.എം.കെ മുന്നണി തൂത്ത് വാരുമെന്ന കണക്കുകൂട്ടലില്‍ മന്ത്രി സ്ഥാനത്തിനു വേണ്ടി ഡി.എം.കെയില്‍ പല സ്ഥാനമോഹികളും ഇപ്പോള്‍ സജീവമാണ്.

ടു ജി കേസിലെ അപ്പീലില്‍ തന്ത്രപരമായ ഇടപെടല്‍ നടത്തിയ ബി.ജെ.പിയും ഇപ്പോള്‍ ശ്രദ്ധാപൂര്‍വ്വമാണ് കരുനീക്കങ്ങള്‍ നടത്തുന്നത്. മുന്‍പ് വാജ്‌പേയി സര്‍ക്കാരിന് പിന്തുണ നല്‍കിയ ചരിത്രം ഡി.എം.കെക്ക് ഉള്ളതിനാല്‍ ഒരു സാധ്യതയും ബി.ജെ.പി തള്ളികളയുന്നില്ല

രാഷ്ട്രപതി മോദിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിച്ചാല്‍ ഡി.എം.കെയുടെയും മനം മാറുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. കേന്ദ്ര ഭരണത്തിന്റെ ഭാഗമാകാതെ മാറി നിന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് ഡി.എം.കെ നേതൃത്വം പോകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്‌

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നതാണ് ഡി.എം.കെയെ സംബന്ധിച്ച് വെട്ടിലാക്കുന്ന പ്രധാന ഘടകം.

തമിഴകത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബി.ജെ.പിയെ പിന്തുണച്ചാല്‍ നഷ്ടമാകും എന്നത് ഡി.എം.കെ നേതൃത്വത്തെ സംബന്ധിച്ച് തള്ളിക്കളയാന്‍ കഴിയാത്തതാണ്. മാത്രമല്ല സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പുതിയ പാര്‍ട്ടി ഉണ്ടാക്കി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ തമിഴകം വിട്ടുള്ള ഒരു ‘കളിക്ക് ‘ സ്റ്റാലിന്‍ തയ്യാറാകാന്‍ തല്‍ക്കാലം സാധ്യത കുറവാണ്. മറ്റൊരു സാധ്യത ഡി.എം.കെയിലെ പിളര്‍പ്പാണ്. ഇപ്പോള്‍ തന്നെ സ്റ്റാലിനുമായി ഉടക്കി നില്‍ക്കുന്ന സഹോദരന്‍ അഴഗിരിയാവട്ടെ അവസരത്തിനായി കാത്ത് നില്‍ക്കുകയുമാണ്.

അഴഗിരി വഴി കനിമൊഴിക്ക് സന്ദേശമെത്തിക്കാന്‍ ബി.ജെ.പി നീക്കം നടത്താനുള്ള സാധ്യതയും ഇനി തള്ളിക്കളയാന്‍ കഴിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ചിത്രം വ്യക്തമാകൂ.

Express Kerala View

Top