‘മനസ്സിലാകുന്ന ഭാഷയില്‍ പേരിടൂ’ . . . കേന്ദ്ര പദ്ധതികളെ ട്രോളി കനിമൊഴി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെതിരെ പാര്‍ലമെന്റില്‍ ട്രോളുമായി ഡി.എം.കെ എം.പി കനിമൊഴി. സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ‘ആത്മനിര്‍ഭര്‍’ പദ്ധതിയുടെ പേര് തനിക്ക് ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്നും, പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ പേരിടുന്നതാവും നല്ലതെന്നും ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ കനിമൊഴി പറഞ്ഞു. ഉച്ചാരണം പിഴച്ച കനിമൊഴിയെ തിരുത്താന്‍ ശ്രമിച്ച ഭരണകക്ഷി എം.പിമാരോട് ‘എന്നാല്‍ ഞാന്‍ ഇനി തമിഴില്‍ സംസാരിക്കാം; നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ…’ എന്നായിരുന്നു ചിരിയോടെ തൂത്തുക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കനിമൊഴിയുടെ പ്രതികരണം.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാറുകളെ ഇത്തരം പദ്ധതികളില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനിടെയാണ് കനിമൊഴി ‘ആത്മനിര്‍ഭര്‍’ എന്ന വാക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടിയത്. പിന്നാലെ സരസമായി ‘ഇത് ഉച്ചരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്’ എന്നും അവര്‍ പറഞ്ഞു. ഇത് സഭയില്‍ ചിരിക്കിടയാക്കി. അപ്പോള്‍ ഭരണപക്ഷ ബെഞ്ചിലെ അംഗങ്ങള്‍ വാക്ക് ഉച്ചരിച്ചു കാണിച്ചു.

‘നോക്കൂ… അതാണ് പ്രശ്നം. ഞങ്ങള്‍ വ്യത്യസ്ത ഭാഷകളാണ് സംസാരിക്കുന്നത് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍ ഇത് ഇംഗ്ലീഷില്‍ വേണം. അല്ലെങ്കില്‍ എല്ലാവര്‍ക്കും പറയാന്‍ കഴിയുന്ന വിധത്തില്‍ പ്രാദേശിക ഭാഷകളില്‍ ആയിരിക്കണം…’ എന്നായിരുന്നു ഇതിനോട് കനിമൊഴിയുടെ ഇംഗ്ലീഷിലുള്ള പ്രതികരണം. ഹിന്ദി വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയാത്തത് നിങ്ങളുടെ കുഴപ്പമാണെന്ന് ഒരംഗം കുറ്റപ്പെടുത്തിയതോടെ അവര്‍ സംസാരം തമിഴിലേക്ക് മാറ്റി: ‘സെരി, ഇനിമേലെ തമിഴിലേ പേസറേന്‍. പുരിയിതാന്ന് സൊല്ല്ങ്കേ. അത്ക്ക് പെര്‍മിഷന്‍ കേക്കണോന്നിരിങ്കിലേ… അത് താനെ പ്രചനേ…’ (ഇനിമുതല്‍ ഞാന്‍ തമിഴില്‍ സംസാരിക്കാം. മനസ്സിലാകുന്നുണ്ടോ എന്നു നോക്കൂ. തമിഴില്‍ സംസാരിക്കാന്‍ നേരത്തെ പെര്‍മിഷന്‍ എടുക്കണമെന്നുണ്ടല്ലോ. അതാണ് പ്രശ്നം). ചിരിയോടെയുള്ള കനിമൊഴിയുടെ മാസ് മറുപടി സഭയില്‍ കൂട്ടച്ചിരിക്ക് വഴിവെച്ചു.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളായ കനിമൊഴി തമിഴ് കവയത്രിയും എഴുത്തുകാരിയുമാണ്. അവരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Top