ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍ കനിമൊഴിയെ വീണ്ടും കളത്തിലിറക്കാന്‍ ഒരുങ്ങി ഡിഎംകെ

ചെന്നൈ: കനിമൊഴി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍ വീണ്ടും മത്സരിക്കാന്‍ സാധ്യത. ഇതേ മണ്ഡലത്തില്‍ കനിമൊഴിക്ക് വീണ്ടും സീറ്റ് അനുവദിക്കണമെന്നാണ് പാര്‍ട്ടിനേതൃത്വം ആഗ്രഹിക്കുന്നത്. അതിനായുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ഡി.എം.കെ. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച തൂത്തുക്കുടിയില്‍ ആരംഭിച്ചതെന്നും വിലയിരുത്തുന്നു. തൂത്തുക്കുടിയില്‍ മത്സരിക്കാനുള്ള ആഗ്രഹം കനിമൊഴിയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ തീരുമാനംപോലെ താന്‍ പ്രവര്‍ത്തിക്കുമെന്നാണ് കനിമൊഴി അറിയിച്ചത്. തൂത്തുക്കുടിയില്‍ കനിമൊഴിക്കുള്ള വമ്പിച്ച ജനപിന്തുണ കണക്കിലെടുത്താണ് അവരെ ഇതേ മണ്ഡലത്തില്‍ വീണ്ടും കളത്തിലിറക്കാന്‍ പാര്‍ട്ടിയുടെ നീക്കം.

മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളിലും സജിവമായി ഇടപെടുന്ന എം.പി.യെന്ന പ്രശംസ കനിമൊഴിക്ക് നേടിയെടുക്കാനായിട്ടുണ്ട്. അടുത്തിടെ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം തൂത്തുക്കുടിയിലെ ദുരിതബാധിതരെ കനിമൊഴി കണ്ടിരുന്നു. സ്റ്റെര്‍ലൈറ്റ് സമരവിഷയത്തിലും ജനങ്ങള്‍ക്കൊപ്പമായിരുന്നു. 2019ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന തമിഴിസൈ സൗന്ദര്‍രാജനെ ഏറെ പിന്നിലാക്കിയാണ് തൂത്തുക്കുടി സീറ്റില്‍ കനിമൊഴി വിജയിച്ചത്. 347,209 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ കനിമൊഴി എഐഎഡിഎംകെയില്‍ നിന്ന് സീറ്റ് നില് പിടിച്ചെടുത്തത്.

Top