‘തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ആദ്യം ചെയ്യേണ്ടത്’; അമിത് ഷാക്കെതിരെ കനിമൊഴി

ചെന്നൈ: തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രം​ഗത്ത്. തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു.

തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top