കനയ്യ വിജയിച്ചാൽ അത് പുതിയ ചരിത്രം, ഷെഹല റാഷിദും ബീഹാറിനെ കിടുക്കി

നയ്യകുമാര്‍ ബഗുസരായില്‍ അട്ടിമറി വിജയം നേടുമെന്ന പേടിയില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ അടിയൊഴുക്കുകള്‍ വ്യാപകമായിരുന്നു. ഇത് കനയ്യകുമാറിന് അനുകൂലമാണെന്നാണ് ഇടതുപക്ഷ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പി – ജെ.ഡി.യു സഖ്യ സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി ഗിരിരാജ് സിംങാണ്. ആര്‍.ജെ.ഡി- കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാവട്ടെ തന്‍വീര്‍ ഹസ്സനും. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് തന്‍വീര്‍ ഹസ്സനെ ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യം സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്.

ബഗുസരായിയില്‍ കനയ്യകുമാറിന് മതേതര പാര്‍ട്ടികള്‍ പിന്തുണ നല്‍കണമെന്ന് സി.പി.എമ്മും സി.പി.ഐയും ആവശ്യപ്പെട്ടിരുന്നു എങ്കിലും ആര്‍.ജെ.ഡി വഴങ്ങിയിരുന്നില്ല. കനയ്യ പേടി തന്നെ ആയിരുന്നു അതിന് പ്രധാന കാരണം.

ബീഹാര്‍ രാഷ്ട്രീയത്തില്‍ ചുവപ്പ് രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ഒരിക്കലും ആര്‍.ജെ.ഡി ആഗ്രഹിക്കുന്നില്ല. ഭരണപക്ഷമായ ജെ.ഡി.യുവിനും ബിജെപിക്കും സമാനമായ നിലപാടാണ് ഉള്ളത്. കനയ്യയിലൂടെ ബീഹാറില്‍ ഇടതുപക്ഷം കരുത്താര്‍ജിച്ചാല്‍ 40 ലോകസഭ സീറ്റുള്ള ബീഹാര്‍ കൈവിട്ടു പോകുമെന്നാണ് ഈ പ്രാദേശിക പാര്‍ട്ടികളുടെ ഭയം.

തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലാലുവും നിതീഷും പയറ്റിയ ജാതി രാഷ്ട്രീയത്തിലാണ് അടിപതറിയിരുന്നത്. എങ്കിലും ചെങ്കൊടിയെ മാറോട് ചേര്‍ക്കുന്ന ഒരു വിഭാഗം ഇപ്പോഴും ബീഹാറില്‍ ഉണ്ട്. കനയ്യയുടെ വരവോടെ അവര്‍ ഇപ്പോള്‍ വലിയ ആവേശത്തിലാണ്.

കനയ്യ ബഗുസരായിയില്‍ വിജയിച്ചാല്‍ പിന്നെ അധികം താമസിയാതെ ബീഹാര്‍ പിടിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കനയ്യകുമാറിന് പിന്തുണ നല്‍കാത്തത് കോണ്‍ഗ്രസ്സിലും പൊട്ടിതെറിക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ്സ് സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി പരസ്യമായി ദിഗ് വിജയ് സിംങ് തന്നെ രംഗത്ത് വരികയുണ്ടായി.

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ പോരാടി ജയിലിലടക്കപ്പെട്ട കനയ്യ പാര്‍ലമെന്റില്‍ എത്തിയാല്‍ അത് ഒരു സംഭവം തന്നെയാകും. ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ കനയ്യ മുഴക്കിയ ആസാദി ഗാനം പാര്‍ലമെന്റിലാകും ഇനി മുഴങ്ങുക. ഈ ഒരൊറ്റ എം.പി മതിയാകും പാര്‍ലമെന്റില്‍ ചുവപ്പ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍.ഈ യാഥാര്‍ത്ഥ്യം തന്നെയാണ് എതിരാളികളുടെയും ഉറക്കം കെടുത്തുന്നത്.

പുതുതലമുറ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ സംഭാവനയാണ് കനയ്യകുമാര്‍ എന്ന 32 കാരന്‍. ജെ.എന്‍.യു ചെയര്‍മാന്‍ എന്ന നിലയില്‍ കനയ്യ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങളെയും ആകര്‍ഷിച്ചിരുന്നു. കനയ്യയെ അടര്‍ത്തിമാറ്റാനും ശ്രമമുണ്ടായി.എന്നാല്‍ ഒരു പ്രലോഭനത്തിനും വഴങ്ങാതെ ചെങ്കൊടി തന്നെ ഉയര്‍ത്തി പിടിക്കുകയാണ് കനയ്യ ചെയ്തത്.ബഗുസരായിയില്‍ കനയ്യയുടെ പ്രചരണ രംഗത്തുള്ള ആള്‍ക്കൂട്ടം ഇവിടെ ഒരു അട്ടിമറിക്കുള്ള സാധ്യതയാണ് തുറന്ന് കാട്ടുന്നത്.

സി.പി.ഐ, സി.പി.എം നേതാക്കള്‍ക്കും എസ്.എഫ്.ഐ , എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും പുറമെ മറ്റു പലരും കനയ്യക്കു വേണ്ടി രംഗത്തിറങ്ങി ഇതില്‍ നടന്‍ പ്രകാശ് രാജ്, ഷെഹ് ലാ റാഷിദ്, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരും ഉള്‍പ്പെടുന്നു.

ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ കനയ്യയുടെ സഹപ്രവര്‍ത്തക കൂടിയായ ഷെഹ് ല റാഷിദിന്റെ സാന്നിധ്യം ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ ഓളം ഉണ്ടാക്കിയിട്ടുണ്ട്. തീപ്പൊരി പ്രാസംഗികയായ ഈ യുവതി രാജ്യത്തിനു വേണ്ടി കനയ്യയെ വിജയിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേവലം ബഗുസരായിയിലെ എം.പി മാത്രമായി കനയ്യ ഒതുങ്ങില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കനയ്യയുടെ പ്രചരണം ഏറ്റെടുക്കാന്‍ കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ തയ്യാറായി. ജാതി രാഷ്ട്രീയത്തിന്റെ വിളനിലമായ ബീഹാറില്‍ ജാതിക്കും മതത്തിനും അതീതമായിരുന്ന ഈ കൂട്ടായ്മ.

നിതീഷ് ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെ കൂട്ട് പിടിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.ജെ.ഡിയെയും തുടക്കം മുതല്‍ തന്നെ കനയ്യക്ക് പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രിയ പരമായി കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് ബഗുസരായി.

ജെ.എന്‍.യു സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ സംഘം നടത്തിയ പ്രചരണം ബഗുസരായിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചിട്ടുണ്ട്. വോട്ടിങ് ദിവസവും ഈ ആവേശം പ്രകടമായിരുന്നു. ബഗുസരായിയില്‍ കനയ്യ വിജയിച്ചാല്‍ അതാകും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി വിജയം. ബീഹാറില്‍ വീഴുന്ന ഈ തരി മതിയാകും ചുവപ്പിന് ആളിക്കത്താന്‍.

Express Kerala View

Top