കോണ്‍ഗ്രസിലെത്തിയത് ഇന്ത്യയെ തകര്‍ക്കുന്ന സര്‍ക്കാരിനെതിരെ പോരാടാനെന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാനാണ് കോണ്‍ഗ്രസിലെത്തിയതെന്ന് കനയ്യ കുമാര്‍. ഇന്ത്യയെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു കനയ്യ കുമാര്‍ വഹിച്ചിരുന്നത്.

അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന്റെ കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിനായി ബിജെപിയൊരുക്കുന്ന ഗ്രാന്‍ഡ് പ്രോജക്റ്റിന്റെ ഭാഗമായാണ് കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികള്‍ എന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഹമ്മദ് മുഹസിന്റെ പ്രതികരണം. ജെഎന്‍യുവില്‍ കനയ്യ കുമാറിന്റെ സഹപാഠിയും മുഹസിന്റെ അടുത്ത സുഹൃത്തുമാണ് സിപിഐ വിട്ട് ഇപ്പോള്‍ കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍.

കോണ്‍ഗ്രസ് ഇതര ബഹുജന സമരങ്ങളിലൂടെ വളര്‍ന്നു വരുന്ന നേതാക്കളുടെ ഐക്യം ഭാവിയില്‍ തടസ്സമാകുമെന്നു കണ്ടാണ് ബിജെപി പദ്ധതിയെന്നും, എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ കോണ്‍ഗ്രസിലെത്തിച്ച് നിര്‍ജീവമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുഹമ്മദ് മുഹ്സിന്‍ വ്യക്തമാക്കി.

രാഹുലിന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കിട്ടാനായാണ് ഇപ്പോഴത്തെ കളികളെങ്കിലും ബിജെപിക്കും ആര്‍എസ്എസിനും വഴി എളുപ്പമാക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ പ്രശാന്ത് കിഷോര്‍ വിദഗ്ധമായി നടത്തിയെടുക്കുകയാണെന്ന് മുഹസിന്‍ ആരോപിച്ചു. രാഹുല്‍ ടീം വന്‍ പരാജയമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കാര്യകാരണ സഹിതം വ്യക്തമാക്കുന്നത്. രാഹുലിന്റെ നേതാക്കള്‍ ഒന്നടങ്കം ബിജെപിയില്‍ ചേക്കേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ഗാന്ധിയെപ്പോലും വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് കനയ്യ കുമാറിനെ എങ്ങനെ ഉപയോഗിക്കാനാണ്. ലോങ് മാര്‍ച്ച് ഉള്‍പ്പെടെ രാജ്യം സമീപകാലത്തു കണ്ട സമരങ്ങളിലെല്ലാം കനയ്യയെ മുന്നില്‍ നിര്‍ത്തിയതു സിപിഐയാണ്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗം വരെയായിരുന്നു. പാതി വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉത്തരേന്ത്യന്‍ കോണ്‍ഗ്രസില്‍ പോയി എങ്ങനെ അദ്ദേഹം നവലിബറല്‍, കര്‍ഷക, ജാതി വിഷയങ്ങളിലെ സ്വന്തം അഭിപ്രായം പറയുമോ എന്നു കണ്ടറിയണമെന്നും മുഹ്സിന്‍ പറഞ്ഞു.

 

Top