KANHAIYA KUMAR – nju – thiruvanadapuram

തിരുവനന്തപുരം: ഇടതുവിദ്യാര്‍ഥി സംഘടകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജെഎന്‍യു സമര നേതാവ് കനയ്യകുമാര്‍ ഏപ്രില്‍ 12ന് തിരുവനന്തപുരത്തെത്തും.

തലസ്ഥാനത്തെത്തുന്ന സമരനായകന്‍ കനയ്യകുമാറിനു പ്രത്യേക പോലീസ് സുരക്ഷയാണ് ഒരുക്കുന്നത്. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിനാണു സ്വീകരണ സമ്മേളനമം നടക്കുന്നത്.

കനയ്യകുമാറിനെ പാളയത്ത് നിന്നും തുറന്ന ജീപ്പില്‍ സ്വീകരണവേദിയിലേക്ക് ആനയിക്കും. തുടര്‍ന്നു പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ കനയ്യകുമാര്‍ പ്രസംഗിക്കും.

ജെഎന്‍യു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചില സംഘടനകളില്‍നിന്നു കനയ്യകുമാറിനു വധഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷയാണു സംസ്ഥാന പോലീസ് ഒരുക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വിമാനമാര്‍ഗമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുക.

കനയ്യകുമാറിന്റെ സുരക്ഷയ്ക്കായി സ്പെഷല്‍ ബ്രാഞ്ചിലെ പ്രത്യേകസംഘത്തെ എഡിജിപി നിയോഗിച്ചു. അന്‍പതിലധികം ഷാഡോ പോലീസിനെയും വിന്യസിക്കും.

എഐഎസ്എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെഎന്‍യു എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് അപരാജിത രാജ, യൂണിറ്റ് ജോയിന്‍ സെക്രട്ടറി മുഹമ്മദ് മുഹ്സിന്‍, ചരിത്രകാരനും ജെഎന്‍യു മുന്‍ അധ്യാപകനുമായ കെ.എന്‍.പണിക്കര്‍ എന്നു തുടങ്ങി നിരവധി പ്രമുഖ വിദ്യാര്‍ത്ഥി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Top