Kanhaiya Kumar may be participate the Assembly election campaign for CPI

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ പ്രചരണത്തിനിറക്കാന്‍ സിപിഐ തീരുമാനം.

പാക് അനുകൂല പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കനയ്യകുമാറിന് ഉടന്‍ തന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം പൂര്‍ത്തിയായാല്‍ സംസ്ഥാന വ്യാപകമായി കനയ്യകുമാറിനെ മുന്‍നിര്‍ത്തി ശക്തമായ പ്രചരണം അഴിച്ച് വിടാനാണ് ആലോചിക്കുന്നത്.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയടക്കം വലിയ പിന്‍തുണ നേടാനും ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണെന്ന് ബോധ്യപ്പെടുത്താനും കനയ്യകുമാറിന്റെ സാന്നിദ്ധ്യം വഴി കഴിയുമെന്നാണ് പ്രതീക്ഷ.

സി.പി.ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫിന്റെ നേതാവായ കനയ്യകുമാര്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഞെട്ടിച്ചുകൊണ്ടാണ് ജെഎന്‍യു ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.

കനയ്യകുമാറിനെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്ന് ഇതിനകംതന്നെ വ്യാപകമായ പ്രചാരണം വന്നത് നേട്ടമാകുമെന്നാണ് ഇടതു നേതാക്കളുടെ പ്രതീക്ഷ. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

തിരഞ്ഞെടുപ്പ് ഗോദയില്‍ കനയ്യകുമാര്‍ ഇറങ്ങിയാല്‍ വെട്ടിലാവുക യുഡിഎഫ് ആണ്. കാരണം കനയ്യകുമാറിന്റെ മോചനം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങിയതില്‍ പ്രമുഖന്‍ കോഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. മുസ്ലീംലീഗും കോണ്‍ഗ്രസുമുള്‍പ്പെട്ട സംസ്ഥാനത്തെ എല്ലാ യുഡിഎഫ് കക്ഷികളും കനയ്യകുമാറിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇനി ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ കുറ്റം പറയാനും യുഡിഎഫിന് കഴിയില്ല.

ദേശീയ തലത്തില്‍ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി.രാജ എന്നിവര്‍ കനയ്യകുമാറിനെ പ്രചരണ രംഗത്തിറക്കുന്നത്‌ സംബന്ധിച്ച് ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും കനയ്യകുമാര്‍ താരമാകും.

ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന പ്രചരണ റാലികളില്‍ കനയ്യകുമാറിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ് നീക്കം. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിനായി പ്രമുഖരായ
സുപ്രീംകോടതി അഭിഭാഷകരെയാണ് ഇടതുപക്ഷം രംഗത്തിറക്കുന്നത്.

Top