kanhaiya-kumar-jnu-sting-operation-lawyers-jail

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വച്ച് തങ്ങള്‍ മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി അഭിഭാഷകര്‍. പട്യാല കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം അഴിച്ചുവിട്ട അഭിഭാഷകരാണ് ഇക്കാര്യം പറഞ്ഞത്.

ഒരു പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് അഭിഭാഷകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പട്യാല കോടതിയില്‍ ഫെബ്രുവരി 15 നുണ്ടായ ആക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

കനയ്യ കുമാറിനെ തങ്ങള്‍ മൂന്നു മണിക്കൂറോളം മര്‍ദ്ദിച്ചെന്നും അവശനായ കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്ന് പറയിപ്പിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു. കനയ്യയെ ക്രൂരമായി അടിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് രഹസ്യ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വിക്രം സിംഗ് ചൗഹാന്‍, യശ്പാല്‍ സിംഗ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരുടെ വെളിപ്പെടുത്തലുകളുടെ ദൃശ്യങ്ങളും ഇന്ത്യ ടുഡേ പുറത്ത് വിട്ടിട്ടുണ്ട്.

പട്യാലയിലുണ്ടായ സംഭവം ഇനിയും ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ അവനെ വിടില്ലെന്നായിരുന്നു യശ്പാല്‍ സിങ്ങ് എന്ന അഭിഭാഷകന്റെ മറുപടി. ‘അവനെ ഞങ്ങള്‍ വിടില്ല. ഞങ്ങള്‍ അവനെ അടിക്കും. വേണമെങ്കില്‍ പെട്രോള്‍ ബോംബ് കൊണ്ടുവരും. എന്ത് കേസ് എനിക്കെതിരെ വന്നാലും പ്രശ്‌നമില്ല. കൊലപാതക കുറ്റം ചുമത്തപ്പെട്ടാല്‍ പോലും അവനെ ഞാന്‍ വിടില്ല’. യശ്പാല്‍ പറയുന്നു.

എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞാന്‍ കനയ്യയെ താമസിപ്പിച്ച ജയിലിലേക്ക് തന്നെയാണ് പോകാന്‍ ആഗ്രഹിക്കുന്നത്. അവിടെവെച്ച് ഞാന്‍ അവനെ തല്ലും. താന്‍ ജാമ്യ തുക നല്‍കില്ലെന്നും ഒന്നോ രണ്ടോ ദിവസത്തേക്ക് ജയിലില്‍ പോകുമെന്നും യശ്പാല്‍ പറഞ്ഞു. പൊലീസില്‍ നിന്നും തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.

എന്നാല്‍ വാര്‍ത്തയോട് പൊലീസ് പ്രതികരിച്ചിട്ടില്ല. വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ തുടങ്ങിയ അഭിഭാഷകര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഓം ശര്‍മ പൊലീസിന് മുന്നില്‍ ഹാജരാവുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേര്‍ ഇതുവരെ പൊലീസില്‍ ഹാജരായിട്ടില്ല.

Top