തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യദ്രോഹക്കുറ്റം, ‘നന്ദി മോദിജീ’ ; കനയ്യകുമാര്‍

ന്യൂഡല്‍ഹി : ജെഎന്‍യു മുന്‍ യൂണിയന്‍ നേതാവ് കനയ്യകൂമാറിനെ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച നടപടിയില്‍ പ്രതികരണവുമായി കനയ്യകുമാര്‍. കുറ്റപത്രസമര്‍പ്പണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് മോദിജിയോടും പോലീസിനോടും നന്ദി പറയുന്നുവെന്നുമായിരുന്നു പരിഹാസ സ്വരത്തില്‍ കനയ്യയുടെ മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ, മൂന്ന് വര്‍ഷത്തിന് മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞാന്‍ മോദിജിയോടും പോലീസിനോടും നന്ദി പറയുന്നു.എന്റെ രാജ്യത്തെ നീതിന്യായ വകുപ്പില്‍ എനിക്ക് വിശ്വാസമുണ്ട് -കനയ്യ കുമാര്‍ പറഞ്ഞു.

2016ല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് രാജ്യദ്രോഹം കുറ്റം ചുമത്തുന്നത്.
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനോടനുബന്ധിച്ച് 2016 ഫെബ്രുവരി 9നാണ് സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങാത്തതിനാല്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കനയ്യകുമാര്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചെന്നാണ് കേസ്. ഡല്‍ഹി പോലീസ് ആണ് കേസ് അന്വേഷിച്ചത്. പട്യാല ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കനയ്യകുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്

Top