kanhaiya kumar-bail-delhi-highcourt

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29ലേക്ക് മാറ്റി.

കനയ്യയുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, അദ്ദേഹം ജയിലില്‍ പോലും സുരക്ഷിതനല്ലെന്നും നിരീക്ഷിച്ചു.

അതേസമയം കനയ്യയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. പുതിയസംഭവവികാസങ്ങളെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന്റെ നടപടി.

കനയ്യ കുമാറിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ഇന്നലെ കോടതിയില്‍ എതിര്‍ത്തിരുന്നു. കനയ്യ കുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊലീസ് കമ്മീഷണര്‍ ബിഎസ് ബസിയുടെ വിശദീകരണം.

ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് എന്ന കാരണത്താല്‍ കനയ്യ കുമാറിന്റെ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ജെഎന്‍യു ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് ഫെബ്രുവരി 12ന് അറസ്റ്റ് ചെയ്തത്. കനയ്യ കുമാറിന് വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാവുകയാണ്.

Top