Kanhaiya Kumar attacks Smriti Irani in letter

ന്യൂഡല്‍ഹി:നീതിയുക്തമല്ലാത്ത അന്വേഷണത്തിന്റെയും വ്യാജ വിഡിയോയുടെയും അടിസ്ഥാനത്തില്‍ ഒരു ‘അമ്മ’ തന്റെ മക്കളെ എങ്ങനെയാണ് ശിക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. മാതൃദിനത്തില്‍ സ്മൃതി ഇറാനിക്കയച്ച തുറന്നകത്തിലാണ് ചോദ്യം. രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്നും കത്തില്‍ സ്മൃതി ഇറാനിയെ വിശേഷിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ മാതൃദിനാശംസകളും അറിയിക്കുന്നുണ്ട്.

മാതൃതുല്യമായ സ്‌നേഹം മൂലം പഠിക്കുന്നതിന് കഷ്ടപ്പെടുകയാണ് ഞങ്ങള്‍. പൊലീസുകാരുടെ ചൂരലുകള്‍ക്കിടയിലും വിശപ്പിനിടയിലും പഠിക്കേണ്ടതെങ്ങനെയാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും കത്തില്‍ പറഞ്ഞു. നമ്മുടെ സ്വന്തം അമ്മയ്ക്ക് ഒപ്പം തന്നെ ഗോമാതാവും സമൃതി ഇറാനിയെന്ന അമ്മയുമുള്ള മോദി ഭരണകൂടത്തില്‍ രോഹിത് വെമുല എങ്ങനെയാണ് മരിച്ചതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അതിന് എനിക്ക് ഉത്തരമില്ല, അതാണ് നിങ്ങളോട് ആ ചോദ്യം ആവര്‍ത്തിക്കുന്നത്. മാതാവ് സ്മൃതിയുടെ മന്ത്രാലയത്തില്‍നിന്ന് രോഹിതിനെ ശിക്ഷിക്കുന്നത് നിരവധി കത്തുകള്‍ അയയ്ക്കുകയും ഫെലോഷിപ്പ് ഏഴുമാസം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നുവെന്ന് രാജ്യദ്രോഹിയായ എന്റെ സുഹൃത്ത് പറഞ്ഞു.

ഇന്ത്യ പോലൊരു വലിയ രാജ്യത്തില്‍ ഏതെങ്കിലും അമ്മ തന്റെ മകളെ ആത്മഹത്യയിലേക്ക് തള്ളിയിടുമോ? നീതിയുക്തമല്ലാത്ത അന്വേഷണത്തിന്റെയും വ്യാജവി!ഡിയോയുടെയും അടിസ്ഥാനത്തില്‍ മക്കള്‍ക്കെതിരായെടുക്കുന്ന ശിക്ഷാനടപടികള്‍ ഏതെങ്കിലും അമ്മ അംഗീകരിക്കുമോ? പതിനൊന്ന് ദിവസമായി നിരാഹാരമിരുന്ന് നിങ്ങളുടെ മക്കള്‍ ഇതേചോദ്യം ചോദിക്കുന്നു. സമയം കിട്ടുമെങ്കില്‍ ദയവുചെയ്ത് മറുപടി പറയൂ. രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്നും എന്റെ സുഹൃത്ത് നിങ്ങളെ വിളിക്കുന്നു. കൃത്യമായ മറുപടിയിലൂടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിക്കണം- കനയ്യ കത്തില്‍ ആവശ്യപ്പെടുന്നു.

ഫെബ്രുവരിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ജെഎന്‍യുവില്‍നിന്ന് കനയ്യ കുമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് നടത്തുന്ന നിരാഹാരസമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.

Top