കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍, സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ബിഹാര്‍ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യയുടെ കൂടുമാറ്റത്തിന് കാരണം. എഐസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ എന്തുകൊണ്ട് സിപിഐ വിട്ടു എന്ന് കനയ്യ വ്യക്തമാക്കും. ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും പാര്‍ട്ടിയുടെ ഭാഗമായി. എന്നാല്‍ മേവാനി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നത് പിന്നീടായിരിക്കും. ദലിത് നേതാവായ മേവാനിയുടെ സാന്നിധ്യം യുപി തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഐ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഷഹീദ് പാര്‍ക്കിലെത്തി. ഭഗത് സിംഗിന്റെ 114-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്താനാണ് എത്തിയത്. ഇരുവര്‍ക്കുമൊപ്പം ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലുമുണ്ടായിരുന്നു.

ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ഹാര്‍ദിക് പട്ടേല്‍ അതൃപ്തനാണെന്നും, ഹാര്‍ദിക് പാര്‍ട്ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഹാര്‍ദിക് രാഹുല്‍ ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

Top