കയ്യില്‍ തീപ്പന്തമേന്തി സൂര്യ; ‘കങ്കുവ’ പുതിയ പോസ്റ്റര്‍

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് ‘കങ്കുവ’.സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണിത്. കങ്കുവയുടെ പുതിയ പോസ്റ്റര്‍ എത്തി. കയ്യില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന സൂര്യയെയാണ് പുറത്തുവന്ന പോസ്റ്ററില്‍ കാണാനാവുക. പ്രത്യേകതരം വാദ്യങ്ങളുമായി നില്‍ക്കുന്ന പോരാളികളെയും പിന്നില്‍ക്കാണാം. കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമാണ്. പത്ത് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

ബോബി ഡിയോളാണ് വില്ലന്‍ വേഷത്തില്‍. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാകും സിനിമയുടെ ആകര്‍ഷണം. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നിഷാദ് യൂസഫാണ് എഡിറ്റിങ്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു .വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024-ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യും.

Top