സോണിയയുടെ മൗനത്തെ ചരിത്രം വിലയിരുത്തും; കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യമാക്കി താരത്തിന്റെ പരസ്യ പ്രസ്താവന. സോണിയയുടെ മൗനത്തേയും അലംഭാവത്തേയും ചരിത്രം വിലയിരുത്തും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. തന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയ സംഭവത്തില്‍ സോണിയ ഗാന്ധി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് സോണിയയുടെ നേര്‍ക്ക് കങ്കണ പ്രസ്താവനയുമായെത്തിയത്.

‘പ്രിയപ്പെട്ട ബഹുമാന്യ സോണിയാജി, എന്റെ നേര്‍ക്കുള്ള നിങ്ങളുടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഒട്ടും മനോവിഷമം തോന്നുന്നില്ലേ? ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് നിങ്ങള്‍ ആവശ്യപ്പെടില്ലേ?.’ കങ്കണ ട്വീറ്റ് ചെയ്തു.

പാശ്ചാത്യ രാജ്യത്ത് വളര്‍ന്ന് ഇന്ത്യയില്‍ ജീവിക്കുന്ന നിങ്ങള്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ബോധവതിയാകണം. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പാലിക്കുന്ന മൗനത്തേയും അനാസ്ഥയേയും ചരിത്രം തീര്‍ച്ചയായും വിലയിരുത്തും. നിങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ’. കങ്കണ കുറിച്ചു.

Top