കര്‍ഷകര്‍ ഖാലിസ്ഥാനി ഭീകരര്‍, അവര്‍ക്ക് ചേര്‍ന്ന നേതാവ് ഇന്ദിര; കങ്കണയ്‌ക്കെതിരെ പൊലീസ് കേസ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നടി കങ്കണ റാവത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സിഖ് സമൂഹത്തെ മുഴുവന്‍ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പൊലീസില്‍ പരാതി നല്‍കി.

കര്‍ഷക പ്രക്ഷോഭത്തെ ഖാലിസ്ഥാന്‍ വാദികളുടെ സമരമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കങ്കണയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സിര്‍സ അധ്യക്ഷനായ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി ആരോപിച്ചു.

കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ഖാലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖാലിസ്ഥാനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് ‘- കങ്കണ അഭിപ്രായപ്പെട്ടു.

ഇന്ദിരയുടെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ട് മറ്റൊരു വിവാദ പരാമര്‍ശവും അവര്‍ തൊട്ടുപിന്നാലെ നടത്തി. ഖാലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കുന്ന പശ്ചാത്തലത്തില്‍ ഇന്ദിരയുടെ കഥയ്ക്ക് പ്രാധാന്യം ഏറുകയാണ്. അടിയന്തരാവസ്ഥ ഉടന്‍ വരുമെന്നും അവര്‍ പറഞ്ഞു. അവര്‍ അഭിനയിക്കുന്ന എമര്‍ജന്‍സി എന്ന സിനിമയെ ഉദ്ദേശിച്ചാവാം പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സിഖ് വിഭാഗക്കാരെ മുഴുവന്‍ ഖാലിസ്ഥാനികളെന്ന തരത്തില്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

കര്‍ഷക സംഘടനകള്‍ ദീര്‍ഘകാലമായി നടത്തിവന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം. കാര്‍ഷിക നിയമങ്ങളെ പിന്‍തുണച്ച് നേരത്തെതന്നെ രംഗത്തെത്തിയ നടി കങ്കണ വിഷയത്തില്‍ പലതവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.

Top