പഞ്ചാബിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്, ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; കങ്കണ

ര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ബോളിവുഡ് താരം കങ്കണ. താൻ കര്‍ഷകര്‍ക്കൊപ്പമാണെന്നും കഴിഞ്ഞ വര്‍ഷം കാര്‍ഷിക വനശാസ്ത്രവുമായി ബന്ധപ്പെട്ട കാമ്പയിന് വേണ്ടി പ്രവര്‍ത്തിക്കുകയും അതിലേക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. “കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ഞാന്‍ എല്ലായ്‌പ്പോഴും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. ആ പ്രാര്‍ഥനയുടെ ഫലമാണ് ബില്ലിന്റെ രൂപത്തില്‍ വന്നത്. ഈ ബില്‍ കര്‍ഷകരുടെ ജീവിതത്തെ മാറ്റിമറിക്കും. എന്നാല്‍ ബില്ലിനെ കുറിച്ച് അപവാദ പ്രചരണങ്ങളുണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കാന്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പഞ്ചാബിന് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്.” കങ്കണ കൂട്ടിച്ചേർത്തു.

ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവിനെ അധിക്ഷേപിച്ചു കൊണ്ട് കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു വയോധികയുടെ ചിത്രം ട്വീറ്റ് ചെയ്തതിലൂടെ വ്യാപക പ്രതിഷേധമാണ് നടിക്കെതിരെ ഉണ്ടായത്. വെറും 100 രൂപ കൊടുത്താൽ ഏതു സമരത്തിനും പോകുന്ന ദാദിയാണ് ബില്‍കിസ് ബാനുവെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇതിൽ മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. തന്നെ മോശമായി ചിത്രീകരിച്ച ട്വീറ്റില്‍ കങ്കണ മാപ്പ് പറയണമെന്നും കാണിച്ച് മൊഹീന്ദര്‍ കൗര്‍ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങ് മുഖേന നടിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, കങ്കണയുടെയും ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കണം എന്നാവിശ്യപ്പെട്ട് അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖും മുംബൈ ഹൈ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Top