‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’യ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചു

jhansy-rani-film

ജയ്പൂര്‍: കങ്കണണാ റണാവത്ത് നായികയാകുന്ന ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’ സിനിമക്കെതിരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായി എത്തുന്ന സിനിമയില്‍ വിവാദ പ്രണയ രംഗങ്ങള്‍ ഇല്ലെന്ന് നിര്‍മാതാവ് ഉറപ്പു നല്‍കിയതിനെ തുര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ തീരുമാനിച്ചത്.

ചിത്രത്തില്‍ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സര്‍വ്വ ബ്രാഹ്മിണ്‍ സഭ ആരോപിച്ചിരുന്നത്. ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നായിരുന്നു സംഘടനയുടെ വാദം. റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിണ്‍ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ബ്രാഹ്മിണ്‍ സഭ ആരോപിക്കുന്നതു പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രീട്ടീഷ് ഏജന്റും ലക്ഷ്മിഭായിയും ഒരുമിച്ചുള്ള പ്രണയഗാനം ചിത്രത്തില്‍ ഇല്ലെന്ന് നിര്‍മാതാവ് കമല്‍ ജെയ്ന്‍ ഉറപ്പു നല്‍കി. കൂടാതെ മണികര്‍ണ്ണികയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിയാണ് സിനിമ ചെയ്യുന്നതെന്നും നിര്‍മാതാവ് അറിയിച്ചു. 1857 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും റാണി ലക്ഷ്മിഭായിയും തമ്മിലുള്ള യുദ്ധവും മറ്റ് സംഭവങ്ങളും അടിസ്ഥാനമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണ്ണിക. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

Top