നടി കങ്കണ റണാവത്തിനും സഹോദരിക്കും മുംബൈ കോടതിയുടെ സമന്‍സ്

മുംബൈ: നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ കോടതിയുടെ സമന്‍സ്. നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസിലാണ് ഇരുവര്‍ക്കുമെതിരേ മുംബൈ കോടതി സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും കങ്കണ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ രംഗോലി നടത്തിയ പരാമര്‍ശങ്ങളിലുമാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കങ്കണയുടെ സഹോദരി രംഗോലി സോഷ്യല്‍ മീഡിയയിലൂടെ പഞ്ചോളിയെയും സെറീന വഹാബിനെയും അപകീര്‍ത്തിപെടുത്തിയെന്നും പഞ്ചോളിക്കതിരേ എഫ്.ഐ.ആര്‍ നിലവിലുണ്ടെന്ന് ട്വീറ്റ് ചെയ്‌തെന്നും ശ്രേയ പറയുന്നു.കേസില്‍ ജൂലൈ 26 ന് വാദം കേള്‍ക്കും.

ആദിത്യ പാഞ്ചോളി പതിനാറാം വയസില്‍ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞ കങ്കണ ആദിത്യ തന്നെ ബലാത്സംഘം ചെയ്തെന്ന് ആരോപിച്ച് മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top