ഊര്‍മിള ഒരു സോഫ്ട് പോണ്‍ സ്റ്റാറെന്ന് കങ്കണ; വിയോജിപ്പുമായി ബോളിവുഡ് താരങ്ങള്‍

മുംബൈ : ബോളിവുഡ് താരം ഊർമിള മതോന്ദ്കറിനെ സോഫ്റ്റ് പോണ്‍ സ്റ്റാറെന്ന് വിശേഷിപ്പിച്ച് നടി കങ്കണ റണാവത്ത്.  ഊർമിളക്കെതിരെ ഉള്ള കങ്കണയുടെ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്. തുടർന്ന് ഊർമിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രം​ഗത്ത് വരികയാണ്.

‘ഊർമിള ഒരു സോഫ്ട് പോൺസ്റ്റാർ. അല്ലാതെ അവർ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ”- എന്നായിരുന്നു കങ്കണയുടെ പരാമർശം. ഇതിനെതിരേ ശക്തമായ വിമർശനമാണ് ഉയരുന്നത്. സ്വര ഭാസ്കർ, അനുഭവ് സിൻഹ തുടങ്ങിയവർ ഊർമിളയെ പിന്തുണച്ച് രം​ഗത്ത് വന്നു.

മയക്കുമരുന്നിന് അടിമകളായ ബോളിവുഡ് താരങ്ങളുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് കങ്കണയോടുള്ള ഊർമിളയുടെ വെല്ലുവിളി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ ആദ്യം താനായിരിക്കും അഭിനന്ദിക്കുകയെന്നും ഊര്‍മിള പറയുന്നു. ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊർമിള കൂട്ടിച്ചേർത്തു.

കൂടുതല്‍ ആരോപണങ്ങളുയര്‍ത്തി കാര്യങ്ങള്‍ വലിച്ചിഴയ്ക്കാതെ എല്ലാം വെളിപ്പെടുത്താനുള്ള തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കമെന്നും കങ്കണയോട് ഊർമിള ആവശ്യപ്പെട്ടു. മയക്കുമരുന്ന് വ്യാപാരം ഏറ്റവും അധികം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കങ്കണയ്ക്ക് മേഖലയിലെ എല്ലാവരോടും എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല. സിനിമയിലെത്തിയ കാലത്തും മേഖലയില്‍ സ്വജനപക്ഷപാതം നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. താനും അത്തരം പ്രതിസന്ധികൾ തരണം ചെയ്താണ് വന്നതെന്നും ഊർമ്മിള പറഞ്ഞു.

നേരത്തെ ജയാബച്ചൻ കങ്കണയെ പേരെടുത്തു പറയാതെ വിമർശിച്ചിരുന്നു. സിനിമയില്‍ നിന്ന് ജീവിതം കെട്ടിപ്പടുത്തവര്‍ ആ വ്യവസായത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ജയാബച്ചന്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചത്. എന്നാൽ കങ്കണ ജയാബച്ചന്റെ കുടുംബത്തെ അടക്കം ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചാണ് പ്രതികരണം നടത്തിയത്. ജയാബച്ചന് പിന്തുണയുമായി നടിയും എംപിയുമായ ഹേമമാലിനി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Top