രാമക്ഷേത്ര വിഷയം വെള്ളിത്തിരയിൽ എത്തുന്നു; ‘അപരാജിത അയോധ്യ’ എന്ന പേരിൽ

‘അപരാജിത അയോധ്യ’ എന്ന പേരില്‍ അയോധ്യ വിഷയം സിനിമായാകുന്നു. കങ്കണ റണാവത്താണ് ചിത്രം നിര്‍മിക്കാനൊരുങ്ങുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

‘ നൂറ് കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു രാമജന്മ ഭൂമി തര്‍ക്കം. 80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. കാരണം ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമിയാണ് ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായത്. ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഒടുവില്‍ ഇന്ത്യയുടെ മതേതര മനോഭാവത്തെ ഉള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നത്.

വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോധ്യ’യെ വ്യത്യസ്തമാക്കുന്നത്. ഒരു തരത്തില്‍, ഇത് എന്റെ വ്യക്തിപരമായ യാത്രയെ തന്നെ പ്രതിഫലിപ്പിക്കുന്നതിനാല്‍, എന്റെ ആദ്യത്തെ നിര്‍മ്മാണത്തിന് ഇത് തന്നെയാകും ഉചിതമായ വിഷയമെന്ന് ഞാന്‍ തീരുമാനിച്ചു- കങ്കണ വ്യക്തമാക്കി.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയാണ് കങ്കണ വേഷമിടുന്ന ഇപ്പോഴത്തെ ചിത്രം. ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ എത്തുന്നത്.

Top