‘അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളും’; കങ്കണ

മാർവൽ നിർമിച്ച സൂപ്പർ ഹീറോ ചിത്രം അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളുമാണെന്നാണ് കങ്കണ റാവത്ത്.ഇ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന. സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്നായിരുന്നു ചോദ്യം.

‘ഇന്ത്യൻ പുരാണങ്ങളെയാണ് ഞാൻ സമീപിക്കുക. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയൺമാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണനേപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം. ദൃശ്യവീക്ഷണം വ്യത്യസ്തമാണെങ്കിലും ഈ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ പ്രചോദനം നേടിയവയാണ്’, എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, ധക്കഡ് എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top