അമീർ ഖാൻ തന്നെയാണ് ലാൽ സിങ് ഛദ്ദക്കെതിരായ ബഹിഷ്‌കരണ ക്യാമ്പയിന് പിന്നിലെന്ന് കങ്കണ റണാവത്ത്

മീര്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്‌കരണ ക്യാമ്പയിൻ നടക്കുന്നുണ്ട്. എന്നാൽ ഇതിന് പിന്നിൽ നടൻ അമീർ ഖാൻ തന്നെയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. സിനിമക്കെതിരെ നടക്കുന്ന നെഗറ്റീവ് ക്യാമ്പയിനുകളുടെ മുഴുവൻ ബുദ്ധി കേന്ദ്രവും അമീർ തന്നെയാണെന്നാണ് കങ്കണ പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം.

“ലാൽസിങ്ങ് ഛദ്ദക്കെതിരായ മുഴുവൻ നെഗറ്റീവ് ക്യാമ്പയിനുകളും ക്യൂറേറ്റ് ചെയ്യുന്നത് അമീർ ജി തന്നെയാണ്. ഇക്കുറി ഒരു ഹിന്ദി സിനിമ പോലും വിജയിച്ചിട്ടില്ല. എന്നാൽ രാജ്യത്തിന്‍റെ സംസ്‌കാരത്തോട് ചേർന്നു നിൽക്കുന്ന നിരവധി തെന്നിന്ത്യൻ സിനിമകൾ വിജയിക്കുകയും ചെയ്തു. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യക്ക് സഹിഷ്ണുതയില്ലെന്നാണ് ചിലര്‍ പറയുന്നത്. സിനിമകൾ പ്രേക്ഷകരുടെ മനസ്സറിയുന്നതാവണം. അവിടെ ഹിന്ദുവോ മുസ്ലിമോ തുടങ്ങി മതമൊന്നുമില്ല. അമീർ ഖാൻ ചെയ്ത പി.കെ വലിയൊരു ഹിന്ദു ഫോബിക് ചിത്രമായിരുന്നിട്ടും അത് വിജയിച്ചില്ലേ”- കങ്കണ കുറിച്ചു..

സിനിമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ നേരിടുകയാണ്. ചിത്രം ബഹിഷ്‌കരിക്കരുത് എന്ന അഭ്യര്‍ത്ഥനയുമായി ആമിര്‍ ഖാന്‍ തന്നെ രംഗത്ത് വന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിൻറെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സിനിമക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങള്‍ ആരംഭിച്ചിരുന്നു. ടോം ഹാങ്ക്സ് നായകനായ 1994 ലെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ.

Top