ഒരാളുമായി പ്രണയത്തിലാണ്, 5 വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകും: കങ്കണ

kankana-ronath

ബോളിവുഡ് താരം കങ്കണ റണാവത്തിന് ബോളിവുഡില്‍ ആരാധകര്‍ ഏറെയാണ്. അഭിനയ മികവ് കൊണ്ടും തന്റേതായ നിലപാടുകള്‍ കൊണ്ടും കങ്കണ എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ താന്‍ ഭാര്യയും അമ്മയുമാകാന്‍ ആഗ്രഹിക്കുന്നു എന്നാണ് കങ്കണ പറയുന്നത്. കങ്കണയുടെ ജീവിതത്തില്‍ ആരെങ്കിലും സ്പെഷ്യലായി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ ഏവരും കാര്യങ്ങള്‍ അറിയുമെന്നും കങ്കണ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തും എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.’തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും.’ -കങ്കണ പറഞ്ഞു.

കഴിഞ്ഞ ദിവസം കങ്കണയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. ‘മണികര്‍ണിക’, ‘പങ്ക’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കങ്കണയ്ക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്‌കാരം കൂടിയാണിത്. പുരസ്‌കാരം ഏറ്റുവാങ്ങിയ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറുപ്പ് പങ്കുവെച്ചിരുന്നു.

‘ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് നിരവധി അംഗീകാരങ്ങളും, ബഹുമതികളും, പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പക്ഷേ പദ്മശ്രീ ലഭിക്കുന്നത് ആദ്യമായാണ്. വളരെ ചെറുപ്പക്കാലം തന്നെ ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയെങ്കിലും 8-10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് വിജയിക്കാനായത്. ഒടുവില്‍ പണത്തേക്കാള്‍ കൂടുതല്‍ ഞാന്‍ ശത്രുക്കളെയാണ് സമ്പാദിച്ചത്.’ -കങ്കണ കുറിച്ചു.

ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ യാണ് കങ്കണയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തേജസ്, ധാക്കഡ്, എമര്‍ജന്‍സി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. കങ്കണയുടെ ആദ്യ പ്രൊഡക്ഷന്‍ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ടികു വെഡ്സ് ഷേരു’ എന്ന ചിത്രത്തിന്റെയും ചിത്രീകരണം നടക്കുകയാണ്.

 

Top