കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ കേസ്

ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷകരുടെ സമരത്തെ എതിര്‍ത്തുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ ക്രിമിനല്‍ കേസ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന നടിയുടെ പരാമര്‍ശത്തിനെതിരെ കര്‍ണാടക തുംകൂര്‍ ജെഎംഎഫ്‌സി കോടതിയാണ് കേസെടുത്തത്.

തുംകൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് പരാതി നല്‍കിയത്. സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണൗട്ടിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ട്വീറ്റിനെതിരെയുള്ള പരാതി പൊലീസ് സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമേഷ് നായിക് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 44, 108, 153, 153 എ, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സിഎഎക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ എന്നായിരുന്നു കങ്കണ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ കങ്കണക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കര്‍ഷക സംഘടനകളും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കാര്‍ഷിക ബില്ലിനെക്കുറിച്ചോര്‍ത്ത് കര്‍ഷകര്‍ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും അവരെ ഹാനികരമായി ബാധിക്കില്ലെന്നും ബില്ല് പാസാക്കിയതിന് ശേഷം വിവിധ ഭാഷകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

‘സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കര്‍ഷക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്നു. ഇവര്‍ തീവ്രവാദികളാണ്. ‘ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുമ്പോഴാണ് കങ്കണയുടെ വിവാദ ട്വീറ്റ്.

‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സിഎഎ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്.’ കങ്കണ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

Top