ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി പ്രണയമാണെന്ന വാര്‍ത്ത നിഷേധിച്ച് കങ്കണ റണൗട്ട്

ബോളിവുഡ് താരം കങ്കണാ റണൗട്ടും ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയും പ്രണയമാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഒരു രഹസ്യവും അവര്‍ ഇതിനൊപ്പം പങ്കുവെച്ചു. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കങ്കണയിപ്പോള്‍. എന്നാല്‍ അത് നിഷാന്ത് പിറ്റി അല്ലെന്നും അവര്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നുവെന്നും കങ്കണ ഇന്‍സ്റ്റ ഗ്രാമില്‍ കുറിച്ചു.

”നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്.” കങ്കണ പറഞ്ഞു. എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല. പ്രത്യേകിച്ച് അവര്‍ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരില്‍. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ ഇരുവരും ഒരുമിച്ച് ചിത്രമെടുത്തിരുന്നു. പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. ഇത് ഇപ്പോള്‍ താരം നിഷേധിച്ചിരിക്കുകയാണ്.

നിലവില്‍ താന്‍ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണതന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

Top