‘നിങ്ങള്‍ ചെയ്തത് തെറ്റുകള്‍ മാത്രം’; കേജ്രിവാളിനെ വിമർശിച്ച് കങ്കണ റണൗട്ട്

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. കേജ്രിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും സ്വയം പ്രമോഷനു വേണ്ടി സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കേജ്രിവാളിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ചാണ് വിമര്‍ശനം.

‘നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍.
1) സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന്‍ നടത്തി
2) തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചു
3) മുന്‍ധാരണ ഇല്ലാതെ വോട്ടര്‍മാര്‍ക്ക് താത്കാലിക സുഖത്തിനായി സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം തലസ്ഥാനത്ത് ഒരു ഓക്‌സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്.’-കങ്കണ കുറിച്ചു.

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവും ആശുപത്രികളിലെ ഗുരുതരാവസ്ഥയും വിവരിച്ചുള്ള കേജ്രിവാളിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലാണ്. കോവിഡ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിലെ കേജ്രിവാളിന്റെ പ്രസംഗമാണ് ചാനലുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്തത്.

അല്‍പം കഴിഞ്ഞാണ് ഇതു ലൈവാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘മരിച്ചവരുടെ ആത്മാവിനു ശാന്തി നേരാം’ എന്ന കേജ്രിവാള്‍ പറയുന്നതിനിടെ, പ്രധാനമന്ത്രി മൈക്ക് ഓണാക്കി രൂക്ഷ സ്വരത്തില്‍ പറഞ്ഞു- ‘ഇതു നമ്മുടെ കീഴ്വഴക്കങ്ങള്‍ക്കും പ്രോട്ടോക്കോളിനും എതിരാണ്. രഹസ്യസ്വഭാവമുള്ള യോഗങ്ങള്‍ ഏതെങ്കിലും മുഖ്യമന്ത്രി തല്‍സമയം ടെലികാസ്റ്റ് ചെയ്യുന്നതു ശരിയല്ല’.

‘ഇനി ശ്രദ്ധിക്കാം’ എന്നു ഭാവവ്യത്യാസമില്ലാതെ പറഞ്ഞ് കേജ്രിവാള്‍ തുടര്‍ന്നു. ‘മരിച്ചവര്‍ക്കു ശാന്തി കിട്ടട്ടെ. എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കിലോ രൂക്ഷമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ടെങ്കിലോ ക്ഷമിക്കണം. അങ്ങയുടെ നിര്‍ദേശങ്ങള്‍ പാലിക്കാം’.
പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പോര് രൂക്ഷമായി.

മോദിയുടെ കെടുകാര്യസ്ഥത കേജ്രിവാള്‍ പൊളിച്ചെന്നും യോഗത്തിനിടെ ഇറങ്ങിപ്പോകാന്‍ തുടങ്ങിയ മോദിക്കു പിന്നെയാണ് പ്രധാനമന്ത്രിയാണെന്ന കാര്യം ഓര്‍മ വന്നതെന്നും ആം ആദ്മി പാര്‍ട്ടിക്കാര്‍ പരിഹസിച്ചു. കേജ്രിവാള്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞു തടിയൂരുകയാണെന്ന് ബിജെപിയും വിമര്‍ശിച്ചു.

തല്‍സമയ സംപ്രേക്ഷണത്തെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും വിമര്‍ശിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഖേദം അറിയിച്ചു. സംപ്രേക്ഷണം പാടില്ലെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും മുന്‍പും ഇങ്ങനെ ചെയ്തിട്ടുണെന്നുമാണു വിശദീകരണം.

 

Top