മുംബൈ: വിവാദ പരാമര്‍ശത്തിലുറച്ച് ബോളിവുഡ് നടി കങ്കണ റനൗട്ട്. പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നും നടി വെല്ലുവിളിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് നടിയുടെ പ്രതികരണം. ‘ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. അതോടുകൂടെ സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണങ്ങള്‍. 1947ല്‍ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ല. 1857ലേത് അറിയാം. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതരുമെങ്കില് എന്റെ പത്മ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പും പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ’ – നടി കുറിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ടുള്ള അരബിന്ദോ ഘോഷ്, ബിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാധര തിലക് എന്നിവരുടെ ഉദ്ധരണികളും കങ്കണ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന നടി കങ്കണ റനൗട്ടിന്റെ പരാമര്‍ശം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ – എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് എഡിറ്റര്‍ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
‘കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കില്‍ ഞാന്‍ തന്നെ സംസാരിക്കും.’- അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കങ്കണ മുക്തകണ്ഠം പ്രശംസിച്ചു. ‘പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി. അതില്‍ സംശയമില്ല. നമ്മെ നയിക്കാന്‍ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.’ – അവര്‍ പറഞ്ഞു.
എന്നാല്‍, വിവാദ പരാമര്‍ശത്തില്‍ കങ്കണക്കെതിരെ നടപടി വേണമെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പുരസ്കാരങ്ങള്‍ തിരിച്ചുവാങ്ങണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം.