ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്

മുംബൈ: ഇന്ത്യയിലെ ഒട്ടുമിക്ക വിവാദ വിഷയങ്ങളിലും പ്രതികരണവുമായി എത്താറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. താരം കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരനായ ആനന്ദ് രംഗനാഥന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് കങ്കണ രംഗത്തുവന്നത്.

നിങ്ങള്‍ക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ അത് പ്രകടമാക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ എന്നാണ് ആനന്ദ് രംഗനാഥന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ഈ കുറിപ്പായിരുന്നു കങ്കണ പങ്കുവച്ചത്.

കങ്കണയുടെ പോസ്റ്റിന് പിന്നാലെ താരത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുതിര്‍ന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി. അഫ്ഗാനിസ്ഥാന്‍ ഒരു ദിവ്യാധിപത്യ രാഷ്ട്രമാണെന്നും എന്നാല്‍ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്‌ളിക് ആണെന്നുമാണ് മുതിര്‍ന്ന താരം പ്രതികരിച്ചത്. തെറ്റുണ്ടെങ്കില്‍ തിരുത്തൂ എന്ന ആമുഖത്തോടുകൂടി കങ്കണയുടെ കുറിപ്പ് പങ്കുവച്ചായിരുന്നു ശബാന ആസ്മി വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ശബാന ആസ്മിയുടെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. തനിക്ക് ബുര്‍ഖയോടും ഹിജാബിനോടും പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലെന്നും എന്നാല്‍ പ്രതിഷേധത്തിന്റെ പേരിലുള്ള ഗുണ്ടായിസം അപലപനീയമാണെന്നും ജാവേദ് കുറിച്ചു.

Top