കങ്കണ നിര്‍മാണത്തിലേക്ക്; മണികര്‍ണിക ഫിലിംസുമായി ആദ്യ ഡിജിറ്റല്‍ പ്രവേശനവും

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ട് ചലച്ചിത്ര നിര്‍മാതാവായി അരങ്ങേറ്റം കുറിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് താരം നിര്‍മാതാവാകുന്നത്. കങ്കണയുടെ ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ പേര് മണികര്‍ണിക ഫിലിംസ് എന്നാണ്. നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടുകൊണ്ട് ബോളിവുഡ് താരം സിനിമയിലെ തന്റെ പുതിയ ചുവട്വയ്പ്പിനെ കുറിച്ച് ആരാധകരെ അറിയിച്ചു.

പ്രണയ- ആക്ഷേപഹാസ്യമാക്കി ഒരുക്കുന്ന ടികു വെഡ്‌സ് ഷെരു എന്ന ചിത്രമാണ് നടിയുടെ ആദ്യ ചിത്രം. ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ജിക്കുന്ന കടുവയും തീജ്വാലയുമാണ് ലോഗോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ടികു വെഡ്‌സ് ഷെരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം മണികര്‍ണിക ഫിലിംസിന്റെ ലോഗോയും പരിചയപ്പെടുത്തുന്നു. എല്ലാവരുടെയും അനുഗ്രഹം വേണം,’ എന്ന് കങ്കണ റണൗട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേ സമയം, കങ്കണയുടെ തലൈവി കഴിഞ്ഞ മാസം 23ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടി വച്ചു. തേജസ്, ധാക്കഡ്, മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിദ്ദ എന്നിവയാണ് നടിയുടെ പുറത്തിറങ്ങാനുള്ള മറ്റ് പുതിയ ചിത്രങ്ങള്‍. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ടൈറ്റില്‍ വേഷം ചെയ്യാനും തയ്യാറെടുക്കുകയാണ് താരം.

 

Top