ട്വിറ്ററിനു തന്നെ ഒന്നും ചെയ്യാനാകില്ല, എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെ ഇടങ്ങളുണ്ട്: കങ്കണ

ട്വിറ്ററിനു തന്നെ ഒന്നും ചെയ്യാനാകില്ലെന്നും തനിക്കു ശബ്ദമുയര്‍ത്താന്‍ മറ്റ് ഇടങ്ങളുണ്ടെന്നും നടി കങ്കണ റണൗട്ട്. ട്വിറ്റര്‍ തന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. അവര്‍ അമേരിക്കക്കാര്‍ തന്നെയാണെന്ന തന്റെ ബോധ്യം ഇപ്പോള്‍ ശരിയായെന്നും കങ്കണ പറഞ്ഞു.

‘ജനിക്കുമ്പോള്‍ മുതല്‍ വെളുത്ത വര്‍ഗത്തിന് നമ്മെ പോലുള്ളവരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്. നമ്മള്‍ എന്ത് ചിന്തിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം എന്ന് അവര്‍ വന്ന് തീരുമാനിക്കുന്നു.

എന്റെ ശബ്ദമുയര്‍ത്താന്‍ സ്വന്തം കലയായ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ്‌ഫോമുകളുണ്ട്. പക്ഷേ ആയിരകണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചു പോവുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല.’ -കങ്കണ തന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണത്. ഇനിയൊരിക്കലും ആ മരവിപ്പ് നീക്കുകയില്ല എന്ന് ട്വിറ്റര്‍ വക്താവും വ്യക്തമാക്കി. ട്വിറ്റര്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചത് കൊണ്ടാണ് കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

 

Top