ശബരിമല സ്ത്രീപ്രവേശനം; തന്ത്രിമാര്‍ക്ക് പിന്തുണയുമായി മുന്‍ മേല്‍ശാന്തിമാര്‍

പത്തനംതിട്ട: തന്ത്രിമാര്‍ക്ക് പിന്തുണയുമായി ശബരിമലമാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍ രംഗത്ത്. കണ്ഠരര് രാജീവരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും തന്ത്രിമാരെ വിമര്‍ശിക്കുന്നതില്‍ യോഗം പ്രതിഷേധിക്കുകയും ചെയ്തു.

അതേസമയം, ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്‌ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ല. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക.

ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്.

എന്നാല്‍, ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന വാദം സര്‍ക്കാര്‍ തള്ളിയിരുന്നു. ആവശ്യത്തില്‍ വിശാലമായ പൊതുതാല്‍പ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ടതുണ്ടെന്നും തീരുമാനമെടുക്കും മുന്‍പ് വിവിധ സംഘടനകളുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ശബരിമല ഏക മതനിരപേക്ഷ ക്ഷേത്രമാണെന്നും ഇത് അംഗീകരിക്കപ്പെട്ട ചരിത്ര സത്യമാണെന്നും ശബരിമലയില്‍ ജാതി മത വിലക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. മുസ്സീംങ്ങളും ക്രിസ്ത്യാനികളും അയ്യപ്പ ഭക്തരാണ്. വാവര്‍ നട ശബരിമലയുടെ ഭാഗമാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ച ശേഷമാണ് ഭക്തര്‍ സന്നിധാനത്തേക്ക് പോകുന്നത്. ക്ഷേത്രത്തിന് മലയരയന്മാര്‍ അടക്കമുള്ളവര്‍ ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. ബുദ്ധക്ഷേത്രം ആണെന്ന വാദം ഉണ്ടെന്നും ആചാരപരമായ കാര്യങ്ങളില്‍ ഇടപെടില്ല, തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.

Top