കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍ ഭാസുരാംഗനെ ഇ ഡി മൂന്നാം തവണയും ചോദ്യം ചെയ്തു

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂര്‍ ആണ് കൊച്ചി ഇ ഡി ഓഫീസില്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്റെ മകള്‍ അഭിമയിയെ അഞ്ച് മണിക്കൂര്‍ കൂടുതല്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു.

101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഇ ഡി നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗന്‍ ആവര്‍ത്തിച്ചു. വീണ്ടും ഇ ഡിക്ക് മുമ്പില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഹാജരാകാന്‍ ഭാസുരാംഗന് ഇ ഡി നോട്ടീസ് നല്‍കിയേക്കും.

ഭാസുരാംഗനെ കഴിഞ്ഞ ദിവസം എട്ടര മണിക്കൂര്‍ വരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നിക്ഷേപകരില്‍ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.

Top