കണ്ടല കള്ളപ്പണ കേസ്; മുന്‍ പ്രസിഡണ്ട് ഭാസുരാംഗനും, മകന്‍ അഖിലും അറസ്റ്റില്‍; നാളെ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുന്‍ പ്രസിഡണ്ട് ഭാസുരാംഗനെയും, മകന്‍ അഖിലിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടന്നത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. നവംബര്‍ 17ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Top