കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; നെഞ്ചുവേദനയെത്തുടര്‍ന്ന് ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍ വെച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്.

ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്.

പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ഒഴിവാക്കാന്‍ പ്രതിഭാഗം വക്കീല്‍ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇ ഡി എതിര്‍ക്കുകയായിരുന്നു.

Top