എതിരാളികളെ ഞെട്ടിച്ച് കനയ്യകുമാർ, ബീഹാർ രാഷ്ട്രീയത്തിന്‍റെ ഗതിമാറുമോ ?

kanayya main

നയ്യകുമാര്‍ എന്ന കമ്യൂണിസ്റ്റ് ബെഗുസരായിയില്‍ വിജയിച്ചാല്‍ അത് ബീഹാര്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമാകും.

ചെങ്കൊടിക്ക് വലിയ രൂപത്തില്‍ സ്വാധീനം ഉണ്ടായിരുന്ന ബീഹാറില്‍ ചുവപ്പ് മങ്ങിയപ്പോഴാണ് അവിടെ ജാതീയത പിടിമുറുക്കിയത്. ചെറുതും വലുതുമായ 96 സമുദായങ്ങള്‍ ഉണ്ട് നിലവില്‍ ബീഹാറില്‍.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിച്ച് പിന്നീട് തിരിഞ്ഞു നോക്കാത്തവരാണ് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. ഇതിന് എതിരെയുള്ള വിധിയെഴുത്താകും ബെഗുസാരിയയിലേതെന്നാണ് ഇടതുപക്ഷം കരുതുന്നത്.

സി.പി.എമ്മും സി.പി.ഐയും അരയും തലയും മുറുക്കിയാണ് കനയ്യകുമാര്‍ എന്ന തീപ്പൊരി നേതാവിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.

ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് കനയ്യകുമാര്‍ എന്ന കമ്യൂണിസ്റ്റിനെ ഏറെ ഭയപ്പെടുന്നത്. അതു കൊണ്ട് തന്നെയാണ് ആര്‍.ജെ.ഡി ഇടതുപക്ഷത്തോട് സഹകരിക്കാതെ മുഖം തിരിച്ചതും. കനയ്യ ബെഗുസാരായിയില്‍ നിന്നും വിജയിച്ചാല്‍ തന്റെയും ആര്‍.ജെ.ഡിയുടെയും ഭാവിക്ക് തന്നെ അത് വെല്ലുവിളിയാകുമെന്ന് ലാലുപുത്രന്‍ ഭയപ്പെടുന്നു.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കനയ്യകുമാര്‍ രാജ്യത്ത് നേടിയെടുത്ത പ്രതിച്ഛായ തേജസ്വി യാദവിനെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇനി എം.പി കൂടി ആയാല്‍ പാര്‍ലമെന്റില്‍ മുഴങ്ങുന്ന കനയ്യകുമാറിന്റെ ശബ്ദം കൂടുതല്‍ അംഗീകാരം അദ്ദേഹത്തിന് നേടികൊടുക്കുമെന്നും ഈ ആര്‍.ജെ.ഡി നേതാവ് ഭയക്കുന്നു.

ഈ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് കനയ്യകുമാറിന് മത്സരിക്കാന്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് തേജസ്വിയാദവ് തീരുമാനിക്കാന്‍ കാരണം.

ഈ തീരുമാനത്തില്‍ പ്രകോപിതരായ സി.പി.എമ്മും സി.പി.ഐയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്താണ് കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ബെഗുസരായില്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ പ്രചരണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി എന്‍.ഡി.എ, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ് ചെമ്പട.

പ്രചരണ രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കനയ്യയുടെ സുഹൃത്തുക്കള്‍ മുന്‍കൈ എടുത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിനും വലിയ പിന്തുണയാണ് ലഭിച്ചത്. ഓണ്‍ ലൈനായി ഏറ്റവും അധികം ഫണ്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയും കനയ്യകുമാറാണ്. 70 ലക്ഷത്തിലധികം രൂപയാണ് കനയ്യയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത്.

Lalu Prasad Yadav

ബീഹാറിലെ ലെനിന്‍ ഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് കിഴക്കന്‍ ഗംഗയുടെ തീരത്തെ വിപ്ലവ മണ്ണാണ്. പ്രമുഖ കമ്യൂണിസ്റ്റും എം.എല്‍.എയുമായിരുന്ന ചന്ദ്രശേഖര്‍ സിംഗും പ്രശസ്ത ചരിത്രകാരന്‍ റാം ശരണ്‍ ശര്‍യും ജനിച്ച സ്ഥലം കൂടിയാണിവിടം.

ജാതീയതയുടെ വേരിളക്കിയാണ് ഈ മണ്ണില്‍ ചെങ്കൊടി പിടിമുറുക്കിയിരുന്നത്. ശക്തമായ പോരാട്ടം നടത്തിയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇവിടെ തൊഴിലാളികള്‍ക്ക് മികച്ച വേതനവും ജീവിതവും നല്‍കിയിരുന്നത്.

എന്നാല്‍ പിന്നീട് പിന്നോക്ക സമുദായങ്ങള്‍ക്ക് 27% സംവരണം നല്‍കണമെന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കളിച്ച ജാതി കളിയില്‍ ചുവപ്പിന് അപ്രതീക്ഷിത തിരിച്ചടി നേരിടുകയായിരുന്നു.

ജാതിയുടെ ഇരുണ്ട കാലത്തിലേക്കുള്ള ബീഹാറിന്റെ തിരിച്ചു പോക്കായിരുന്നു പിന്നീട് കണ്ടത്. തൊണ്ണൂറുകള്‍ക്കു ശേഷം ദളിത് , ഒ.ബി.സി, മുസ്ലിം പിന്നോക്ക സഖ്യത്തിലൂടെ ലാലു വീണ്ടും പിടി ഉറപ്പിച്ചു. ഇതോടെ സ്വാഭാവികമായും വ്യവസായങ്ങള്‍ ഇല്ലാതായി, ട്രേയ്ഡ് യൂണിയനുകളുടെ ശക്തി കുറഞ്ഞു. ജാതി മത വൈരങ്ങളാല്‍ തിളച്ചു മറിയുകയായിരുന്നു ബീഹാര്‍.

മഹത്തായ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കൈവിട്ടതാണ് തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട് ഈ സംസ്ഥാനത്ത്. അവരുടെ ഏക പ്രതീക്ഷയാണിപ്പോള്‍ കനയ്യകുമാര്‍. ഈ യുവ വിപ്ലവകാരിയിലൂടെ വീണ്ടും ചുവപ്പ് സ്വാധീനം ബീഹാറില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ ജനത.

Nithish-Kumar

ജാതിക്കും മതത്തിനും അതീതമായി യുവാക്കളുടെ വലിയ ഒരു പടയെ കൂടെ നിര്‍ത്താന്‍ ഇതിനകം കനയ്യകുമാറിന് കഴിഞ്ഞിട്ടുണ്ട്. ഈ ഓളങ്ങള്‍ വോട്ടായാല്‍ വലിയ അത്ഭുതം തന്നെ ബെഗുസരായില്‍ സംഭവിക്കും. ഡല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കനയ്യയുടെ വിജയത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

രാവും പകലുമില്ലാതെ ജിഗ്‌നേഷ് മേവാനിയുമുള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് സജ്ജീവമാണ്. ബെഗുസരായില്‍ ബി.ജെ.പിയും ജെ.ഡി.യുവും ഒരുവശത്തും മറുവശത്ത് ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സുമാണുള്ളത്. ഈ മഹാസഖ്യങ്ങളെയാണ് കനയ്യകുമാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേരിടുന്നത്.

മണ്ഡലത്തിലെ 4.5 ലക്ഷം വോട്ടുള്ള ഭൂമിഹാര്‍ സമുദായക്കാരാണ് കനയ്യയും ബി.ജെ.പി. സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും. മസ്ലീം 2.5 ലക്ഷം, യാദവ 80,000, പിന്നോക്കക്കാര്‍ ഒരു ലക്ഷം ഇങ്ങനെയാണ് ബെഗുസരായിലെ ജാതി വോട്ടുകള്‍. 2014ലെ തെരഞ്ഞെടുപ്പില്‍ ഭൂമിഹാര്‍ ഉള്‍പ്പെടുന്ന മുന്നോക്ക സമുദായക്കാര്‍ ബി.ജെ.പിക്കൊപ്പവും പിന്നാക്ക സമുദായങ്ങള്‍ ലാലുവിനൊപ്പവുമാണ് നിന്നിരുന്നത്. മോദി തരംഗമുണ്ടായിട്ടും ബെഗുസരായിയില്‍ രണ്ട് ലക്ഷത്തോളം വോട്ട് കഴിഞ്ഞ തവണ ഇടതുപക്ഷം നേടിയിരുന്നു. 4.28 ലക്ഷം വോട്ട് ബി.ജെ.പിയ്ക്കും 3.69 ലക്ഷം വോട്ട് ആര്‍.ജെ.ഡിയ്ക്കുമാണ് ലഭിച്ചിരുന്നത്.

കനയ്യ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ ബീഹാര്‍ രാഷ്ട്രീയം തന്നെ ഇളകി മറിയും. ലാലുവിനും നിതീഷ് കുമാറിനും ശേഷം ഏറ്റവും ശക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഉദയമാകും അത്. ചെങ്കൊടി പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരേന്ത്യയില്‍ പിടിമുറുക്കാനുള്ള പുതിയ പാതയും ഇവിടെ തുറക്കപ്പെടും.

Top