അഭ്യൂഹങ്ങള്‍ക്ക് വിരാമം; കനയ്യകുമാറും അനുയായികളും ഇന്ന് കോണ്‍ഗ്രസില്‍ ചേരും

ന്യൂഡല്‍ഹി : സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കനയ്യ കുമാറിനൊപ്പം ഇദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസില്‍ ചേരും. കനയ്യയ്‌ക്കൊപ്പം ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്. ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം പിന്നീടായിരിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് കനയ്യയെ കോണ്‍ഗ്രസിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മദ്ധ്യസ്ഥനായിട്ടായിരുന്നു ചര്‍ച്ചകള്‍. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത് കിഷോറും ചര്‍ച്ചകളുടെ ഭാഗമായി.

കനയ്യയുമായി അനുനയത്തിന് ശ്രമിച്ച പാര്‍ട്ടിക്ക് മുന്നില്‍ ബീഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിലപാടാണ് കനയ്യ വെച്ചത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.

Top