മോദിയുടെ നുണ പ്രചരണം; വീണ്ടും അധികാരം നേടാനുള്ള തന്ത്രമെന്ന് കനയ്യ കുമാര്‍

kanayya-kumar

ലുധിയാന: മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍. ഒന്നിന് പുറകെ ഒന്നായി നുണകള്‍ പ്രചരിപ്പിക്കുകയാണ് മോദി, ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രമാണെന്ന് കനയ്യ പറയുന്നു. ഗുജറാത്തിലെ രാജ്കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകവെയായിരുന്നു കനയ്യ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് വേണ്ടി മോദി ഒന്നിന് പുറകെ ഒന്നായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രവൃത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു, തന്റെ ഭരണ കാലയളവിനുള്ളില്‍ എന്തു ചെയ്തുവെന്ന് മോദി വ്യക്തമാക്കണമെന്നും, ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് താങ്കള്‍ക്ക് എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും ‘-കനയ്യ പറഞ്ഞു.

തൊഴില്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയും വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കുന്നതിനുമായാണ് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ ജയിപ്പിച്ച് അധികാരത്തിലെത്തിക്കുന്നത്. എന്നാല്‍ മോദിക്ക് ഇതൊന്നും ബാധകമല്ലെന്നും, ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഇതുകൊണ്ടോന്നും ആരെയും ഭയപ്പെടുത്താന്‍ ആവില്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ സൂചിപ്പിച്ച് കനയ്യ പറഞ്ഞു. പൊതു റാലിയില്‍ കനയ്യക്ക് പുറമേ ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും പങ്കെടുത്തു.

Top