മഹാ സഖ്യത്തിന് ‘പണി’ കൊടുക്കാന്‍ കനയ്യകുമാറിനെ നിര്‍ത്തി ഇടതുപക്ഷം

പാട്ന: ജെ.എന്‍.യു വിദ്യാര്‍ഥിനേതാവ് കനയ്യകുമാര്‍ ബേഗുസാരായ് ലോക്സഭ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് ഇടത് മുന്നണി കനയ്യകുമാറിനെ ബേഗുസാരായ് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തത്. സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയായിട്ടാകും കനയ്യകുമാര്‍ മത്സര രംഗത്തിറങ്ങുക.

പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കുമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. സി.പി.ഐക്കും സി.പി.എമ്മിനും മഹാസഖ്യത്തില്‍ സീറ്റുകള്‍ നിഷേധിക്കപ്പെടുകയായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ആര്‍.ജെ.ഡിയ്ക്കാണ് ബേഗുസാരായ് മണ്ഡലം ലഭിച്ചത്. തന്‍വീര്‍ ഹുസൈനെയാണ് ആര്‍.ജെ.ഡി. ഇവിടെ പരിഗണിക്കുന്നത്.

കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും നേതൃത്വം നല്‍കുന്ന ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം കഴിഞ്ഞദിവസമാണ് സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത്. സഖ്യത്തില്‍ ഉള്‍പ്പെട്ട സി.പി.ഐ(എം.എല്‍.)ന് ഒരു സീറ്റ് ലഭിച്ചെങ്കിലും സി.പി.ഐയെയും സി.പി.എമ്മിനെയും സഖ്യനേതാക്കള്‍ പൂര്‍ണമായും തഴയുകയായിരുന്നു.

Top